ഹൈദരാബാദ്: കൊവിഡ് 19 ആഗോളതലത്തിൽ 39,17,531 ൽ അധികം ആളുകളെയാണ് ബാധിച്ചത്. ഇതിൽ 2,70,720 ൽ അധികം ആളുകൾ രോഗം ബാധിച്ച് മരിക്കുകയും 13,44,120 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു.
ചൈനയിൽ വെള്ളിയാഴ്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത 16 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 200 പേരാണ് വൈറസ് ബാധിച്ച് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. രോഗ ലക്ഷണങ്ങൾ കാണിക്കാത്ത 890 ആളുകൾ വീടുകളിൽ ക്വാറന്‍റൈനിലോ കൊവിഡ് പരിശോധനക്ക് ശേഷം ആശുപത്രികളിലോ കഴിയുകയാണ്. റിപ്പോർട്ട് ചെയ്ത 82,886 കൊവിഡ് കേസുകളിൽ 4,633 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.
ദക്ഷിണ കൊറിയയിൽ 12 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊറിയ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കുകൾ പ്രകാരം രാജ്യത്താകെ 10,822 കൊവിഡ് കേസുകളും 256 കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
6,800 ൽ അധികം ആളുകൾ രോഗബാധിതരായ ഡെയ്ഗുവിൽ നിന്നാണ് പുതിയ മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.