വാഷിങ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് കേസുകൾ 150 ദശലക്ഷം പിന്നിട്ടതായി ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ സമയം രാവിലെ 9:51 വരെ ലോകമെമ്പാടുമുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം 150,133,654ഉം ആകെ മരണസംഖ്യ 3,162,166ഉം ആണെന്ന് കണ്ടെത്തി. ഇതിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. 32,288,689 കേസുകളും 575,193 മരണവുമാണ് ഇതുവരെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തത്. അതേസമയം 18.3 ദശലക്ഷത്തിലധികം കേസുകളും 204,832 മരണവും റിപ്പോർട്ട് ചെയ്ത ഇന്ത്യ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. 14,590,678 കേസുകളും 401,186 മരണവും റിപ്പോർട്ട് ചെയ്ത ബ്രസീൽ മൂന്നാം സ്ഥാനത്താണ്. യഥാക്രമം 5,653,533 കൊവിഡ് കേസുകളും 104,385 മരണവുമാണ് ഫ്രാൻസിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ആഗോളതലത്തിൽ കൊവിഡിന്‍റെ രണ്ടാം തരംഗം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിനിടയിലും രാജ്യത്തിനുള്ളിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റൽ ഇയു കൊവിഡ് -19 സർട്ടിഫിക്കറ്റ് രൂപീകരിക്കുന്നതിനെ കുറിച്ചുള്ള നിലപാട് സ്വീകരിക്കാനും യൂറോപ്യൻ പാർലമെന്റ് ഉത്തരവിട്ടു. അതേസമയം നിലവിലെ കൊവിഡിനെതിരായ പോരാട്ടത്തിൽ അമേരിക്കയടക്കം 40ഓളം രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് വേണ്ടുന്ന സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടുതൽ വായനയ്‌ക്ക്: യു.എസ് സഹായം ഇന്ത്യയില്‍; സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന