വാഷിങ്ടൺ: കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡെറിക് ചൗവിൻ അടക്കം നാല് പേരെ സർവീസിൽ നിന്ന് പുറത്താക്കി. അമേരിക്കയിലുള്ള കറുത്ത വർഗക്കാരുടെ സുരക്ഷക്കുമേൽ ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ലോക രാഷ്‌ട്രങ്ങളിലുളള ജനങ്ങളിൽ രോഷം സൃഷ്‌ടിക്കാൻ ഈ സംഭവത്തിന് സാധിച്ചിട്ടുണ്ട്. 2014ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. എറിക് ഗാർനർ എന്ന നിരായുധനായ കറുത്ത വര്‍ഗക്കാരനെ പൊലീസ് ആക്രമിക്കുകയും ശ്വാസത്തിന് വേണ്ടി അയാൾ അപേക്ഷിക്കുകയും ചെയ്‌ത സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
യുഎസിലെ മറ്റ് വംശീയ ആക്രമണങ്ങൾ
മാർച്ച് 3, 1991: ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച റോഡ്‌നി കിങ്ങിനെ ഉപദ്രവിച്ച് ശരീരത്തിൽ 11 ഒടിവുകൾ സൃഷ്‌ടിച്ച് കൊലപ്പെടുത്തി. ബാറ്റൺ ഉപയോഗിച്ച് 50 തവണയിലധികമാണ് റോഡ്‌നി കിങ്ങിനെ മർദിച്ചത്.
1992 നവംബർ 5: മാലിസ് വെയ്ൻ ഗ്രീൻ എന്ന 35 കാരനായ കറുത്ത വർഗക്കാരനെ പൊലീസ് ആക്രമിച്ചു. ആയുധങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കുകൾ മൂലമാണ് ലിസ് വെയ്ൻ ഗ്രീൻ മരിച്ചത്.
ഫെബ്രുവരി 4, 1999: ബലാത്സംഗക്കേസിലെ പ്രതിയെ തിരഞ്ഞ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ പശ്ചിമാഫ്രിക്കയിൽ നിന്നുള്ള തെരുവ് കച്ചവടക്കാരനായ അമാദു ഡിയല്ലോയെ 41 തവണ വെടിവെച്ചും 19 തവണ അടിച്ചും കൊലപ്പെടുത്തി.
സെപ്റ്റംബർ 4, 2005: സഹോദരന്മാരായ റൊണാൾഡ്, ലാൻസ് മാഡിസൺ എന്നിവർക്കൊപ്പം ബാർത്തലോമിവ് കുടുംബത്തിലെ നാല് അംഗങ്ങളെയും പൊലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. ആളുകൾ തങ്ങളെ വെടിവെച്ചതിനെ തുടർന്നാണ് പൊലീസ് വെടിയുതിർത്തതെന്ന് തുടർന്ന് പൊലീസ് വാദിച്ചു.
നവംബർ 25, 2006: വിവാഹദിനത്തിന്‍റെ തലേദിവസം രാത്രിയിൽ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ 23 കാരനായ സീൻ ബെലിനെ ക്വീൻസ് ബാറിന് പുറത്ത് വെടിവെച്ചു.
ജനുവരി 1, 2009: സാൻ ഫ്രാൻസിസ്കോ ബേ ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ഓഫീസർ ഇരുപത്തിരണ്ടുകാരനായ ഓസ്‌കാർ ഗ്രാറ്റിനെ വെടിവച്ചു കൊന്നു.
ജൂലൈ 5, 2011: തോമസിനെ പൊലീസ് മർദിച്ച് അവശനിലയിലാക്കി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് അഞ്ച് ദിവസത്തിന് ശേഷം മരിച്ചു.
ജൂലൈ 17, 2014: അനധികൃതമായി സിഗരറ്റ് വിൽപന നടത്തിയെന്നാരോപിച്ച് അറസ്റ്റ് സമയത്ത് ഓഫീസർ ഡാനിയേൽ പന്‍റാലിയോ എറിക് ഗാർണറെ കൊലപ്പെടുത്തി
ഓഗസ്റ്റ് 9, 2014: ആഫ്രിക്കൻ-അമേരിക്കൻ വംശജനായ മൈക്കൽ ബ്രൗൺ ജൂനിയറിനെ 28കാരനായ ഫെർഗൂസൺ പൊലീസ് ഓഫീസർ ഡാരൻ വിൽസൺ വെടിവെച്ചു.
ഒക്ടോബർ 20, 2014: ലക്വാൻ മക്ഡൊണാൾഡിനെ ചിക്കാഗോ പൊലീസ് ഉദ്യോഗസ്ഥൻ ജേസൺ വാൻ ഡൈക്ക് വെടിവച്ച് കൊന്നു.
ഏപ്രിൽ 4, 2015: വാൾട്ടർ സ്കോട്ട് എന്ന കറുത്ത വർഗത്തിൽപെട്ട മോട്ടോർ ഡ്രൈവറെ നോർത്ത് ചാൾസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥൻ മൈക്കൽ സ്ലാഗർ വെടിവച്ചു കൊന്നു.
സെപ്റ്റംബർ 16, 2016: തുൾസ പൊലീസ് ഓഫീസർ ബെറ്റി ഷെൽബി ടെറൻസ് ക്രച്ചർ എന്ന 40കാരനെ വെടിവച്ച് കൊലപ്പെടുത്തി
ജൂൺ 19, 2018: ഈസ്റ്റ് പിറ്റ്സ്ബർഗിൽ നിന്നുള്ള മൈക്കൽ റോസ്ഫെൽഡ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആന്‍റോൺ റോസ് രണ്ടാമനെ വെടിവച്ച് കൊന്നു.