ഒട്ടാവ: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ജൂലൈയിൽ കാനഡയിലേക്ക് എത്തുന്നവരെ രണ്ടാഴ്‌ചത്തെ ക്വാറന്‍റൈനിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ. ജൂലൈ അഞ്ചു മുതൽ അതിർത്തിയിലെ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകും. കാനഡയിലേക്കെത്തുന്നവർ രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. ഒപ്പം 72 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നൽകണം.
അതേ സമയം കാനഡയും ഇന്ത്യയും തമ്മിലുള്ള വിമാനയാത്രാ വിലക്ക് ജൂലൈ 21 വരെ നിലനിൽക്കുമെന്നും എന്നാൽ പാകിസ്ഥാനുമായുള്ള വിമാനയാത്രാ വിലക്ക് നീക്കുമെന്നും ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതും ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെയും തുടർന്നാണ് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ക്വാറന്‍റൈനിൽ നിന്ന് ഒഴിവാക്കേണ്ട കനേഡിയൻ പൗരൻമാർ വാക്‌സിൻ എടുത്തതുമായി ബന്ധപ്പെട്ട രേഖകൾ നൽകേണ്ടതാണെന്ന് സർക്കാർ അറിയിച്ചു.
അതേ സമയം വാക്‌സിൻ എടുത്ത മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികളെ ക്വാറന്‍റൈനിൽ ഇരുത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കാനഡയും യുഎസും തമ്മിലുള്ള അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ 2020 മാർച്ച് മുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് ആരംഭിച്ചിരുന്നു.
Also Read:അർജന്‍റീനയിൽ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു