വാഷിംഗ്ടൺ: അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതാണെന്ന് യുഎസ് അഭിഭാഷകൻ. യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചൗവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭമാണ് യുഎസിൽ നടക്കുന്നത്. നിരവധി യുഎസ് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകികൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റിന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്ലോയിഡ് (46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിട്ടിരുന്നു.