വാഷിങ്ടൺ: സെൻട്രൽ ഫ്ലോറിഡയിൽ നാല് പേരുമായി അഗ്നിശമന സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ഇന്നലെ വൈകുന്നേരം 4 മണിയോടെ പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ലീസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചതുപ്പുനിലത്തിലേക്കാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Also Read: കൊവിഡ്; അമേരിക്കയിൽ 50 ശതമാനം മുതിർന്നവരിൽ വാക്‌സിനേഷൻ പൂർണം
അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ലീസ്ബർഗ് ഫയർ റെസ്ക്യൂ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. വീഴ്‌ച്ചയിൽ ഹെലികോപ്റ്റർ പൂർണമായും തകർന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹെലികോപ്റ്ററിലുണ്ടായിരുന്ന ബാക്കി ആളുകളുടെ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലീസ്ബർഗ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷ ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.