വാഷിങ്ടണ്‍: മോഡേണ കൊവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉപദേശക സമിതി അനുമതി നൽകി. ശാസ്ത്ര-പൊതുജനാരോഗ്യ വിദഗ്ധരും എഫ്‌ഡിഎ അഡ്വൈസറി കമ്മിറ്റിയും (വിആർബിപിഎസി) വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
നേരത്തെ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോ എൻ ടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ എഫ്‌ഡിഎ അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിച്ചതിനെ തുടർന്ന് വാക്സിന്‍റെ ഉയർന്ന തോതിലുള്ള ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കമ്പനി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഫ്ലോറിഡയിലെ 150 ആശുപത്രികൾ 3,00,000 മുതൽ 4,00,000 വരെ ഡോസുകൾ മോഡേണ കൊവിഡ് -19 വാക്സിൻ സംഭരിക്കാൻ തയ്യാറെടുക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.