ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗള്‍ കാസ്ട്രോ പടിയിറങ്ങി. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കാസ്‌ട്രോ യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ചടങ്ങില്‍ വച്ചാണ് എണ്‍പത്തൊമ്പതുകാരനായ റൗള്‍ കാസ്ട്രോ ഫസ്റ്റ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. തന്‍റെ കടമ പൂര്‍ണമായി നിര്‍വഹിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കളമൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്യൂബന്‍ വിപ്ലവ നായകനായ ഫിദല്‍ കാസ്ട്രോയുടെ സഹോദരനാണ് റൗള്‍ കാസ്ട്രോ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്‍റെ പിന്‍ഗാമിയായി ആരെത്തുമെന്ന് നേരത്തെ റൗള്‍ കാസ്‌ട്രോ ഒരു സൂചനയും തന്നില്ലായിരുന്നു. എന്നാല്‍ തല്‍ സ്ഥാനത്തേക്ക് നിലവിലെ ക്യൂബന്‍ പ്രസിഡന്‍റായ അറുപതുകാരന്‍ മിഖ്വല്‍ ഡിയാസ് കാനെലായിരിക്കുമെന്ന് റൗള്‍ കാസ്‌ട്രോ അടുത്തിടെ പറഞ്ഞിരുന്നു.
ക്യൂബ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുമ്പോഴാണ് റൗള്‍ കാസ്‌ട്രോ നേതൃസ്ഥാനമൊഴിയുന്നത്. കൊവിഡും അമേരിക്കയുടെ സാമ്പത്തിക ഉപരോധവും രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ് അടുത്ത കാലങ്ങളില്‍ സൃഷ്‌ടിച്ചത്. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് നിലവില്‍ രാജ്യം.
1965 മുതല്‍ 2006 വരെ ഫിദല്‍ കാസ്‌ട്രോയായിരുന്നു റൗള്‍ കാസ്‌ട്രോയുടെ പദവി വഹിച്ചിരുന്നത്. 2008ല്‍ അസുഖ ബാധിതനായതോടെയാണ് തല്‍സ്ഥാനം സഹോദരന് കൈമാറിയത്. 2016ലാണ് ഫിദല്‍ കാസ്‌ട്രോ മരിക്കുന്നത്.