വാഷിങ്ടൺ: കൊവിഡിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. ആന്‍റണി ഫൗസി. വാക്സിന്‍ ലഭിച്ചെങ്കിലും അമേരിക്കയില്‍ വരും ദിവസങ്ങളില്‍ കൊവിഡ് മൂലം പതിനായിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫൗസിയുടെ പ്രസ്താവന.
വാക്സിനുകളുടെ സുരക്ഷയിലും ഫലപ്രാപ്തിയിലും വിശ്വാസമുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവർക്കും ലഭ്യമാക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ഞായറാഴ്ച അമേരിക്കയിലെ കൊവിഡ് ബാധിതർ 19 ദശലക്ഷം കടന്നു. രാജ്യത്തെ മരണസംഖ്യ 332,705 ആണ്. അതേസമയം, ആഗോളതലത്തിൽ 80,627,634 കേസുകളും 1,762,015 മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.