വാഷിങ്ടൺ: കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡവലപ്മെന്‍റിന്‍റെ (യുഎസ്‌ഐഐഡി) ധനസഹായത്തോടെ യുഎസ് സഹായവുമായി ഇതുവരെ ആറ് വിമാനങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും ഓക്‌സിജൻ സിലിണ്ടറുകൾ, എൻ 95 മാസ്‌കുകൾ, മരുന്നുകൾ എന്നിവ ഈ വിമാനങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചെന്നും ബൈഡൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ യുഎസ് പിൻതുണയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോ ബൈഡൻ. ജൂലൈ 4 നകം യുഎസ് 10 ശതമാനം അസ്ട്രാസെനെക്ക വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അസ്ട്രാസെനെക്ക വാക്‌സിൻ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെങ്കിലും യുഎസിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല.
കൂടുതൽ വായനയ്ക്ക് : യു.എസിന്‍റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യ
ഇന്ത്യൻ സർക്കാരിന്‍റെ അഭ്യർഥന മാനിച്ച് യുഎസ്‌ഐഐഡി നേരത്തെ ഇന്ത്യൻ റെഡ് ക്രോസിന് ചില സഹായങ്ങൾ നൽകിയിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി തന്‍റെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ സർക്കാർ ആവശ്യം പ്രകടിപ്പിച്ച നിരവധി ഘടകങ്ങളടങ്ങിയ വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും സാകി അറിയിച്ചു. ഇതിലൂടെ ഇന്ത്യക്ക് യുഎസ് നൽകുന്ന ആകെ സഹായം 100 ദശലക്ഷം യുഎസ് ഡോളർ കവിഞ്ഞതായും സാകി കൂട്ടിച്ചേർത്തു. ഇതുവരെ 1,500 ഓളം ഓക്‌സിജൻ സിലിണ്ടറുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ഏറ്റവും ആവശ്യം അത് തന്നെയാണെന്നും സാകി പറഞ്ഞു.
കൂടുതൽ വായനയ്ക്ക് : യുഎസ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ എത്തിക്കണം: രാജ കൃഷ്‌ണമൂർത്തി
20 ദശലക്ഷത്തിലധികം അസ്ട്രസെനെക്ക വാക്‌സിൻ ഡോസുകൾ നൽകാൻ അനുവദിച്ചുകൊണ്ട് ബൈഡൻ ഭരണകൂടം ഇന്ത്യയ്ക്ക് ആസ്ട്രാസെനെക്ക നിർമാണ വിതരണത്തിന്‍റെ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് പ്രസ് സെക്രട്ടറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനുപുറമെ യുഎസ് ഒരു ദശലക്ഷം റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകളും റെമിഡെസിവിറിന്‍റെ 20,000 ഡോസുകളും ഇന്ത്യക്ക് നൽകിയിട്ടുണ്ട്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ (സിഡിസി) ഒരു കൂട്ടം വിദഗ്‌ധർ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും ലബോറട്ടറി നിരീക്ഷണം, അടിയന്തര പ്രതികരണം, പ്രവർത്തന വികസനം, ജീനോമിക് സീക്വൻസിംഗിനും മോഡലിംഗിനുമുള്ള ബയോ ഇൻഫോർമാറ്റിക്‌സ് എന്നിവയിൽ ഇന്ത്യയിലെ പൊതുജനാരോഗ്യ വിദഗ്‌ധരുമായി ചേർന്ന് ഈ സംഘം പ്രവർത്തിക്കുമെന്നും സാകി കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്ക്ക് : യു.എസില്‍ നിന്നും ഇന്ത്യയിലേക്കുള്ള വൈദ്യസഹായം വൈകും