വാഷിംഗ്ടൺ: 1918 ലെ സ്പാനിഷ് ഇൻഫ്ലുവൻസയെപ്പോലെ കൊവിഡ് രോഗം ഗുരുതരമാകാനുള്ള സാധ്യതകളുണ്ടെന്ന് യുഎസിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആന്‍റണി ഫൗസി.
"സത്യത്തെ നിഷേധിക്കാനാവില്ല, "1918ലെ സ്പാനിഷ് ഇൻഫ്ലുവൻസ ആഗോളതലത്തിൽ 70 മുതൽ 100 ദശലക്ഷം ആളുകളുടെ ജീവനാണ് അപഹരിച്ചതെന്നും സൂക്ഷിച്ചില്ലെങ്കിൽ നിലവിലുള്ള മഹാമാരി അതിന് സമാനമാകുമെന്നും ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി ഗ്ലോബൽ ഹെൽത്ത് ഓർഗനൈസേഷൻ വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറിൽ ആന്‍റണി ഫൗസി പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും മാരകമായ 1918ലെ സ്പാനിഷ് ഇൻഫ്ലുവൻസ ലോകമെമ്പാടുമുള്ള 500 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. ഇത് ലോകത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. രാജ്യത്തിന്‍റെ തെക്ക്, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കൊവിഡ് മാരകമായ രീതിയിൽ പെരുകുന്നതാണ് യുഎസിന് മുന്നിലുള്ള വെല്ലുവിളിയെന്നും കാലിഫോർണിയ, ഫ്ലോറിഡ, അരിസോണ, ടെക്സസ് എന്നിവിടങ്ങിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് ചെറുപ്പക്കാരിലാണെന്നും ഫൗസി പറഞ്ഞു.
ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊവിഡ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. അവിടെ നിന്ന് അത് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഇതുവരെ ലോകത്താകമാനം 13 ദശലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും. 5,75,000 പേർ കൊവിഡ് ബാധിച്ച മരിക്കുകയും ചെയ്തിട്ടുണ്ട്.