വാഷിങ്‌ടണ്‍: കൊവിഡ് ഭീതിയൊഴിയും മുമ്പേ അമേരിക്കയില്‍ ആശങ്കയായി കാൻഡിഡ ഓറിസ് ഫംഗസ്. ആഗോള ഭീഷണി എന്നാണ് യുഎസ് സെന്‍റർ ഫോർ ഡീസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ ഈ ഫംഗസിനെ വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ഫംഗസിന്‍റെ തീവ്രത. കൊവിഡിന് പിന്നാലെ ലോകത്തിന് ഭീഷണിയാകാൻ പോകുന്നത് കാൻഡിഡ ഫംഗസായിരിക്കുമെന്ന് നേരത്തെ തന്നെ വിദഗ്‌ദർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാഷിങ്‌ടണ്‍ ഡിസിയിലുള്ള നഴ്‌സിങ് ഹോമില്‍ 101 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡള്ളസില്‍ 22 പേര്‍ക്കും ഫംഗസ് ബാധിച്ചിട്ടുണ്ട്.
ഫംഗസിന്‍റെ ഉറവിടം അജ്ഞാതം
ഫംഗസിന്‍റെ ഉറവിടം സംബന്ധിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രികളിലാണ് ഇത് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ മാർച്ചില്‍ ആൻഡമാൻ നിക്കോബർ ദ്വീപിലും ഫംഗസ് ബാധ സ്ഥിരീകരിച്ചു. പിന്നാലെ നടന്ന പഠനങ്ങളില്‍ ഉഷ്‌ണമേഖല ചതുപ്പുകളിലും സമുദ്ര പ്രദേശങ്ങളിലും ഫംഗസിന്‍റെ സാന്നിധ്യം വ്യക്തമായി.
ഇതിന് പുറമെ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പഠനത്തില്‍ പുറത്തുവന്നു. കരയിലും കടലിലും ഒരുപോലെ നിലനില്‍ക്കുന്ന ഈ ഫംഗസിന് ജീവനില്ലാത്ത പ്രതലത്തില്‍പ്പോലും നിലനില്‍ക്കാൻ കഴിയും. ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത രോഗബാധയാണ് ഈ ഫംഗസ് വരുത്തിവയ്‌ക്കുന്നത്. പ്രധാനമായും ശ്വാസകോശത്തെയാണ് ഫംഗസ് ബാധിക്കുന്നത്. കാൻസർ പോലെ ഗുരുതര രോഗമുള്ളവരില്‍ ഫംഗസ് ബാധിച്ചാല്‍ ഏറെ ആശങ്കപ്പെടേണ്ടതുണ്ട്.
also read: ബ്രിട്ടനില്‍ നോറോ വൈറസ് പടരുന്നു; എന്താണ് നോറോ വൈറസ് ?