ക്യൂബെക്ക് സിറ്റി: കൊവിഡ് 19 വാക്സിന്‍ നിർമാണത്തിന്‍റെ ഭാഗമായ പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ബയോഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ മെഡിഗാഗോ. എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് പരീക്ഷണം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം എലിയുടെ ശരീരത്തിലെ ആന്‍റിബോഡി പ്രതികരിച്ചതായി കമ്പനി വ്യക്തമാക്കി. കാനഡയിലെ ക്യൂബെക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മെഡിഗാഗോ. പ്രീക്ലിനിക്കല്‍ പരീക്ഷണം പൂർത്തിയ ശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങൾ ആരംഭിക്കും. ഈ ഘട്ടത്തില്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കും. ഇതിനായി നിലവിലെ മൃഗങ്ങളിലെ പരീക്ഷണം പൂർത്തിയാകുന്ന മുറക്ക് സർക്കാരില്‍ കമ്പനി അപേക്ഷ സമർപ്പിക്കും. ഹെല്‍ത്ത് കാനഡയിലും അമേരിക്കയിലെ എഫ്‌ഡിഎയിലും ഇതു സംബന്ധിച്ച് അപേക്ഷ നല്‍കും.
അതേസമയം പരീക്ഷണം വിജയിച്ചാലും മനുഷ്യരിൽ വാക്‌സിനുള്ള കൃത്യമായ അളവ് ഇതുവരെ നിർണ്ണയിച്ചിട്ടില്ല. കാനഡയിലെ ക്യൂബെക്കിലെയും നോർത്ത് കരോലിനയിലെയും നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിവർഷം 20 ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രിതീക്ഷക്കുന്നത്. നേരത്തെ എച്ച് വണ്‍-എന്‍ വണ്‍ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് എതിരെ വാക്‌സിനേഷന്‍ പരീക്ഷണങ്ങൾ നടത്തി കമ്പനി ശ്രദ്ധനേടിയിരുന്നു.