സാവോ പോളോ: കൊവിഡ് പ്രതിസന്ധിക്കിടെ മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി ബ്രസീൽ പ്രസിഡന്‍റ്. ആറ് മന്ത്രിമാർ രാജിവച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് ജെയർ ബോൽസൊനാരോ മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഫെർനാൻഡോ അസെവേദോ ഇ സിൽവയ്‌ക്ക് പകരം ആർമി ജനറൽ ബ്രാഗ നെറ്റോ പ്രതിരോധമന്ത്രിയായി നിയമിക്കും. മുൻ അറ്റോർണി ജനറൽ ആൻഡ്രി ലെവിക്ക് പകരം ആൻഡ്രി മെന്‍റോങ്കയെ നിയമിക്കും. ഫെഡറൽ ഡെപ്യൂട്ടിയായ ഫ്ലാവിയ അരൂഡയെ സ്റ്റേറ്റ് സെക്രട്ടറിയായും, മുൻ സ്റ്റേറ്റ് സെക്രട്ടറി ജനറൽ ലൂയിസ് എഡ്വേർഡോ റാമോസിനെ സർക്കാർ മന്ത്രിയായും നിയമിച്ചു.
മുൻ വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറൗജോയ്ക്ക് പകരം നയതന്ത്രജ്ഞൻ കാർലോസ് ആൽബർട്ടോ ഫ്രാങ്കയെ നിയമിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് കൊവിഡ് പ്രതിസന്ധി സമിതിയെ രൂപീകരിച്ചു. ബ്രസീലിൽ ഇതുവരെ 12,573,615 കൊവിഡ് കേസുകളും 313,866 മരണവും റിപ്പോർട്ട് ചെയ്‌തു.
രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ ബോൾസോനാരോ സർക്കാർ രൂക്ഷ വിമർശനം നേരിടുകയാണ്. സമ്പദ്‌വ്യവസ്ഥയും പൗരന്മാരുടെ വ്യക്തിഗത സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടി ജെയർ ബോൽസൊനാരോ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടില്ല. ചൈനീസ് നിർമിത വാക്‌സിനുകൾ ഉപയോഗ യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ശേഷം കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.