വാഷിംഗ്‌ടണ്‍: യുഎസില്‍ ജനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്‌സിനെത്താന്‍ ഇനിയും മാസങ്ങളുണ്ടെന്നും രാജ്യത്തെ രണ്ടാം വാക്‌സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതല്‍ പ്രതീക്ഷ തരുന്നുവെന്നും ജോ ബൈഡന്‍ ട്വീറ്റ് ചെയ്‌തു. വാക്‌സിന്‍ എത്തുന്നത് വരെ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
യുഎസ് ബയോടെക് കമ്പനിയായ മോഡേര്‍ണ തിങ്കളാഴ്‌ച പ്രഖ്യാപിച്ച കൊവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ക്ലിനിക്കല്‍ പരീക്ഷങ്ങളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. വാക്‌സിന്‍ പരീക്ഷണത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ മോഡേര്‍ണയുടെ സിഇഒ സ്റ്റീഫന്‍ ബന്‍സാല്‍ അഭിനന്ദിച്ചു. നേരത്തെ അമേരിക്കന്‍ കമ്പനിയായ ഫിസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്താകെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള യുഎസില്‍ 11 മില്ല്യണിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.