ന്യൂയോർക്ക്: ഇരുപത്തിനാല് ലക്ഷത്തിലധികം ജനങ്ങളെ നേരിട്ട് ബാധിച്ച 54 പേരുടെ ജീവനെടുത്ത ബംഗ്ലാദേശ് പ്രളയം 1988ന് ശേഷമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണെന്ന് ഐക്യരാഷ്ട്രസഭ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ഏതാണ്ട് 50,000 ആളുകളാണ് സർക്കാർ അഭയ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തത്. ദുരിതബാധിതർക്ക് വേണ്ടി ഭക്ഷണം, കുടിവെള്ളം, അവശ്യസാധനങ്ങളുടെ കിറ്റുകൾ, അഭയ കേന്ദ്രങ്ങൾ എന്നിവ തയ്യാറാക്കി എത്തിക്കുന്നതിന് സർക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും യു.എൻ നൽകിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചു. അപകടത്തിലായ കുടുംബങ്ങൾക്ക് വേണ്ടി 5.2 ദശലക്ഷം യുഎസ് ഡോളർ സഹായം ഏജൻസികൾ വഴി കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയത്തിനോടൊപ്പം കൊവിഡ് മഹമാരിയെയും ഉംപുൻ ചുഴലിക്കാറ്റിന്‍റെ പ്രത്യാഘാതങ്ങളെയും അതിജീവിക്കുകയെന്നത് ബംഗ്ലാദേശിന് ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ ഉൾക്കടലിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെയ് മാസത്തിൽ ബംഗ്ലാദേശിൽ ആഞ്ഞടിച്ച ഉംപുൻ. അതേസമയം 1988ലെ വെള്ളപ്പൊക്കത്തിൽ 500ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും 25 ദശലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തുവെന്ന് യുഎൻ രേഖകൾ പറയുന്നു.