വാഷിങ്ടൺ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിനുമായി ജൂൺ 16ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പൗരന്മാരെ രാഷ്ട്രീയ കാര്യങ്ങളിൽ തടഞ്ഞുവച്ചിരിക്കുന്ന വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് റഷ്യയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരൻ പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർഥിച്ചു.
യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ നിർണായക നടപടി ആവശ്യമാണെന്ന് റഷ്യയിൽ ചാരവൃത്തി ആരോപിച്ച് 16 വർഷത്തെ തടവിന് വിധിക്കപ്പെട്ട് റഷ്യൻ ലേബർ ക്യാമ്പിൽ കഴിയുന്ന പോൾ വീലൻ ഫോൺ അഭിമുഖത്തിൽ ബൈഡനോട് അഭ്യര്‍ഥിച്ചു. ഇത് അമേരിക്കക്കെതിരായ റഷ്യയുടെ പ്രശ്നമായി കണക്കാക്കണമെന്ന് ഈ നയതന്ത്ര സാഹചര്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും യുഎസ്- റഷ്യൻ നേതാക്കളുടെ കൂടിക്കാഴ്ചയിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും വീലൻ പറഞ്ഞു.
മെയ് അവസാനം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ നടത്തിയ കൂടിക്കാഴ്ചയിൽ വീലന്റെയും യുഎസ് തടവുകാരനായ ട്രെവർ റീഡിന്റെയും കേസ് ചർച്ച ചെയ്തിരുന്നു.
Also Read: വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് തള്ളി സുപ്രീം കോടതി
ബൈഡൻ- പുടിൻ കൂടിക്കാഴ്ചയിൽ ആയുധ നിയന്ത്രണം, ഉക്രെയ്ൻ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വൈറ്റ് ഹൗസിൽ നിന്ന് അറിയിച്ചു.
ഐറിഷ്, ബ്രിട്ടീഷ്, കനേഡിയൻ പൗരൻ കൂടിയായ വീലനെ 2018 ഡിസംബറിൽ മോസ്കോ ഹോട്ടലിൽ വച്ച് രഹസ്യാന്വേഷണ പ്രവർത്തനത്തിൽ പങ്കാളിയാണെന്ന് ആരോപിച്ച് റഷ്യൻ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.