വാഷിംങ്‌ടണ്‍ : ബാലിസ്‌റ്റക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് വടക്കന്‍ കൊറിയക്കെതിരെ ഉപരോധ നടപടിയുമായി അമേരിക്ക. അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അമേരിക്കയുടെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്‌ട്രസഭയുടെ ഉപരോധം തേടുമെന്നും അമേരിക്ക വ്യക്‌തമാക്കി.
ബാലിസ്‌റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും സംഘടിപ്പിച്ചതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഒരു വടക്കന്‍ കൊറിയന്‍ പൗരനും,ഒരു റഷ്യന്‍ പൗരനും,ഒരു റഷ്യന്‍ കമ്പനിക്കും എതിരെ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റും ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയുടെ 'വിനാശ'കരമായ ആയുധനിര്‍മാണത്തിന് സഹായിച്ചതിനാണ് നടപടി.
വടക്കന്‍ കൊറിയ ബാലിസ്‌റ്റിക് മിസൈലിന്‍റെ പരീക്ഷണം വിജയകരമായി നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കയുടെ പ്രഖ്യാപനമുണ്ടായത്. പുതിയ ബാലിസ്‌റ്റിക് മിസൈല്‍ രാജ്യത്തിന്‍റെ ആണവശക്‌തിക്ക് വര്‍ധിത വീര്യം നല്‍കുമെന്ന് ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ പറഞ്ഞു.
ALSO READ:'ചൈനയുടെ നയം തെറ്റ്'; പരിഹാരത്തിന് പിന്തുണയുമായി വൈറ്റ് ഹൗസ്
അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ അഞ്ച് വടക്കന്‍ കൊറിയ ഉദ്യോഗസ്‌ഥരില്‍ ഒരാള്‍ റഷ്യ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് മറ്റ് നാല് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ചൈന ആസ്ഥാനമാക്കിയാണ്.
അന്താരാഷ്‌ട്ര സമൂഹം നയതന്ത്രവും ആണവആയുധ നിരോധനവും ഉത്തരകൊറിയോട് ആവശ്യപ്പെടുമ്പോഴും, ആ രാജ്യം നിരോധിക്കപ്പെട്ട പല ആയുധനിര്‍മാണ പദ്ധതികളും തുടരുകയാണെന്നതിന്‍റെ മറ്റൊരു തെളിവാണ് ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണമെന്ന് യുഎസ് ട്രഷറിയുടെ ടെററിസം ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍റെലിജന്‍റസ് മേധാവി ബ്രിയാന്‍ നെല്‍സണ്‍ പറഞ്ഞു.
ഉപരോധം ഏര്‍പ്പെടുത്തിയവരുമായി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. അമേരിക്കയുടെ അധികാരപരിധിയില്‍ വരുന്ന ബാങ്കുകളിലേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും അവരുടെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്യും.
ആണവ പരീക്ഷണത്തെതുടര്‍ന്ന് 2006ലാണ് വടക്കന്‍ കൊറിയക്കെതിരെ ആദ്യമായി ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പടുത്തുന്നത്. ഉത്തരകൊറിയക്കെതിരായി ചുമത്തിയ പല ഉപരോധങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു കരട് പ്രമേയം റഷ്യയും ചൈനയും ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ വിതരണം ചെയ്‌തിരുന്നു.
സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നതിന്, ശുദ്ധീകരിച്ച പെട്രോള്‍ ഇറക്കുമതിചെയ്യുന്നതിന്, പൗരന്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നതിനടക്കമുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു കരട് പ്രമേയത്തിലെ ആവശ്യം.