കെയ്‌റോ: ലോകത്ത് പട്ടിണിമൂലം ഓരോ മിനിറ്റിലും 11 പേർ മരിക്കുന്നതായി അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാമിന്‍റെ റിപ്പോർട്ട്. കൊവിഡ് മൂലം മിനിട്ടിൽ ഏഴ് പേരാണ് മരിക്കുന്നതെന്നും എന്നാൽ പട്ടിണി മരണം കൊവിഡിനെപ്പോലും പിൻതള്ളിയിരിക്കുകയാണെന്നും 'ദി ഹംഗർ വൈറസ് മൾട്ടിപ്ലൈസ്' എന്ന റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകമാനം ക്ഷാമം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ആറ് മടങ്ങ് വർധിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 155 ദശലക്ഷം ആളുകൾ ഇപ്പോൾ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രതിസന്ധി ഘട്ടത്തിലാണ് ജീവിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ദശലക്ഷം കൂടുതലാണെന്നും ഓക്സ്ഫാം പറയുന്നു.
കൊവിഡ് മൂലമുള്ള സാമ്പത്തിക തകർച്ച നിലനിൽക്കുമ്പോഴും സൈനിക സംഘർഷങ്ങളും ആഭ്യന്തര സംഘർഷങ്ങളും പട്ടിണിയുടെ വ്യാപ്തി വർധിപ്പിക്കുന്നു. ഇത്തരം സംഘർഷം നടക്കുന്ന രാജ്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പട്ടിണിയിലാണ്. കൂടാതെ പ്രകൃതി ദുരന്തങ്ങളും മറ്റ് സാമ്പത്തിക പ്രതിസന്ധികളും പട്ടിണി വർധിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ: 184.5 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ
കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ പട്ടിണിയും ക്ഷാമവും ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങി. ആഗോളതാപനവും കൊവിഡിനാലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും ആഗോള ഭക്ഷ്യവസ്തുക്കൾക്ക് 40% വരെ വിലവർധനവിന് കാരണമായി.
ഇത് ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടാൻ ഈ വർധനവ് കാരണമായെന്നും ഓക്സ്ഫാം പറയുന്നു.