വിക്ടോറിയ/ ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി സീഷെൽസിന് ഇന്ത്യ നൽകിയത് നാല് ടൺ മെഡിക്കൽ ഉൽപന്നങ്ങൾ. അത്യാവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ എയർ ഇന്ത്യ വിമാനം വിക്ടോറിയ വിമാനത്താവളത്തിൽ എത്തിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം, എയർ ഇന്ത്യയുടെ വീഡിയോയും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീഷെൽസ് ഗവൺമെന്‍റ് അഭ്യർഥിച്ചത് പ്രകാരം നാല് ടൺ ജീവൻരക്ഷാ മരുന്നുകൾ നൽകുമെന്ന് ഹൈക്കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.
ലോക് ഡൗൺ മൂലം ഗതാഗതമാർഗങ്ങളിലും മറ്റും നിയന്ത്രണങ്ങളുണ്ടായിട്ടും സീഷെൽസിന് മരുന്നുകൾ എത്തിച്ചത് അവരുമായുള്ള പ്രത്യേക ബന്ധം കണക്കിലെടുത്താണ്. ഇന്ത്യയിൽ ആഭ്യന്തരമായി പരിമിതികളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിഭവങ്ങളും വൈദഗ്ധ്യവും സുഹൃദ് രാജ്യങ്ങൾക്ക് നൽകണമെന്ന് ഇന്ത്യ എല്ലായ്‌പ്പോഴും ആഗ്രഹിക്കാറുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും പുറത്തുള്ള രാഷ്‌ട്രങ്ങൾക്ക് മരുന്നും മറ്റ് സഹായങ്ങളും സംഭാവന ചെയ്യുന്നതിന് ഇന്ത്യ ശ്രമിക്കാറുണ്ടെന്നും ഹൈക്കമ്മീഷൻ പറഞ്ഞു.