ഹൈദരാബാദ് : ഇന്‍ഡസ്‌ട്രി ഏതുമാവട്ടെ, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്. ഇതില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് പ്രിയ താരങ്ങളുടെ മൃഗസ്‌നേഹവും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളും. ഇത്തരത്തില്‍ മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ടയാളാണ് തെന്നിന്ത്യന്‍ ചലച്ചിത്ര നടനും ഓസ്‌കറില്‍ തിളങ്ങിയ ആര്‍ആര്‍ആറിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളുമായ രാം ചരണ്‍. നിലവില്‍ രാം ചരണ്‍ തന്‍റെ ഏറ്റവും 'പുതിയ സുഹൃത്തിനെ' പരിചയപ്പെടുത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത് (Ram Charan With His New Pet).
തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാം ചരണ്‍ തങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയത്. നെറ്റിയില്‍ വെളുത്ത മറുകോടുകൂടി കറുത്ത നിറത്തിലുള്ള ബ്ലേസ് എന്ന കുതിരയെയാണ് രാം ചരണ്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇതിനായി താരം എത്തിയതാവട്ടെ കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും അതേ നിറത്തിലുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചും.
ചിത്രങ്ങളില്‍ എന്തെല്ലാം : പങ്കുവച്ച രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ രാം ചരണ്‍ ബ്ലേസിനൊപ്പം നില്‍ക്കുന്നതും, മറ്റൊന്ന് ബ്ലേസിനെ സ്‌നേഹത്തോടെ തലോടുന്നതുമാണ്. "ബ്ലേസ്!! എന്‍റെ പുതിയ സുഹൃത്ത്!" എന്ന അടിക്കുറിപ്പോടെയാണ് രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ പ്രശംസയുമായി ആരാധകര്‍ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തി.
മഗധീര, ആർആർആർ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ കുതിരസവാരി മികവിനെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല. 'ഇന്ത്യൻ സിനിമയുടെ നമ്പർ വണ്‍ ഹോഴ്‌സ് റൈഡർ' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. 'മഗധീര 2 നായുള്ള കുതിരക്കുളമ്പടി തയ്യാറാണ്' എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.
ആദ്യത്തെ കണ്‍മണി : അടുത്തിടെയാണ് രാം ചരണിനും ഭാര്യ ഉപാസന കോനിഡേലയ്‌ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സെലിബ്രിറ്റി കപ്പിള്‍സിന്‍റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതരായിരുന്നു അറിയിച്ചത്. പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാം ചരണിന്‍റെയും ഉപാസനയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്.
ചിരഞ്‌ജീവി കുടുംബത്തിലെ ഈ പുതിയ സന്തോഷം ആരാധകരെയും സിനിമ പ്രവര്‍ത്തകരെയുമെല്ലാം ആഹ്ളാദത്തിലാക്കിയിരുന്നു. മാത്രമല്ല നിരവധി പേരാണ് ദമ്പതികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ഭാര്യ സുരേഖ കോനിഡേലയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ ചിരഞ്‌ജീവി, 'വെല്‍ക്കം ലിറ്റില്‍ മെഗാ പ്രിന്‍സസ്' എന്ന് എക്‌സിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേക്ക് പേരക്കുട്ടി എത്തിയതിലുളള സന്തോഷം പങ്കുവച്ചത്.
ആര്‍ആര്‍ആറിലെ രാം ചരണിന്‍റെ സഹതാരവും തെലുഗു സൂപ്പര്‍താരവുമായ ജൂനിയര്‍ എന്‍ടിആറും ദമ്പതികള്‍ക്ക് അഭിനന്ദങ്ങളുമായി എത്തിയിരുന്നു. മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് ഇരുവരെയും സ്വാഗതം ചെയ്യുന്നതായും മകള്‍ക്കൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും ജീവിതകാലം മുഴുവൻ മറക്കാനാവാത്ത ഓർമകളായിരിക്കുമെന്നും അദ്ദേഹം പ്രിയ സുഹൃത്തിനായുള്ള എക്‌സ് കുറിപ്പില്‍ പരാമര്‍ശിച്ചു. ദൈവം അവളെയും നിങ്ങളെയും അനുഗ്രഹിക്കട്ടെയെന്നും ജൂനിയര്‍ എന്‍ടിആര്‍ കൂട്ടിച്ചേര്‍ത്തു.