ഹൈദരാബാദ് : ഫെമിനിസ്‌റ്റ് (Feminist) എന്ന ലേബല്‍ കൊണ്ട് താന്‍ മടുത്തുവെന്ന് തുറന്നടിച്ച് നടി പാര്‍വതി തിരുവോത്ത് (Parvathy Thiruvothu). ദയവായി തന്നെ പൂര്‍ണമായും താനായിരിക്കാന്‍ അനുവദിക്കണമെന്നും പാര്‍വതി പറഞ്ഞു. നെറ്റ്‌ഫ്ലിക്‌സും (Netflix) ദേശീയ വനിത കമ്മിഷനും (National Commission for Women) ചേര്‍ന്ന് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
'പ്രശ്‌നക്കാരി'യായത് ഇങ്ങനെ : കരിയറിലുടനീളം താന്‍ വിലയിരുത്തപ്പെട്ടത് ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്ന വ്യക്തിയായി ആണെന്ന് പാര്‍വതി പറഞ്ഞു. മുമ്പൊരിക്കല്‍ ഒരു പൊലീസ് വേഷത്തിനായി തനിക്ക് വിളി വന്നു. ആ ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് ഇറുകിയ വസ്‌ത്രത്തിന് പകരം അയഞ്ഞ ഒന്ന് ആവശ്യപ്പെട്ടപ്പോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്ന വ്യക്തിയായാണ് അവര്‍ തന്നെ കണ്ടതെന്നുള്ള ഒരു അനുഭവവും താരം പങ്കുവച്ചു.
'വസ്‌ത്രമെത്തിച്ച കോസ്‌റ്റ്യൂം ഡിപ്പാർട്ട്‌മെന്‍റിലെ ആളുകളുടെ മുഖത്ത് ആശ്ചര്യ ഭാവം. എന്നാല്‍ എനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എത്ര സമയം എനിക്ക് അത് ഇട്ടുനില്‍ക്കാനാവും. അതുകൊണ്ടുതന്നെ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി ഞാന്‍ അറിയിച്ചു. ഒടുവില്‍ മറ്റൊരു അയഞ്ഞ വസ്‌ത്രം തരണമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ സെറ്റില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ആളായി മാറിയത്' -പാര്‍വതി തുറന്നടിച്ചു.
'ദൂത' എത്തുന്നു : അതേസമയം വിക്രം കുമാർ സംവിധാനം ചെയ്യുന്ന ദൂത എന്ന തന്‍റെ ആദ്യ തെലുഗു പ്രൊജക്റ്റിന്‍റെ ഷൂട്ടിങ് പൂർത്തിയായതായി പാര്‍വതി അറിയിച്ചു. നാഗ ചൈതന്യ നായകനാകുന്ന തെലുഗു വെബ് സീരീസാണ് ദൂത. പ്രിയ ഭവാനി ശങ്കർ, പ്രാചി ദേശായി എന്നിവരാണ് സീരീസിലെ മറ്റ് താരങ്ങള്‍.