കോട്ടയം: ഒരിക്കൽ കൂടി അരങ്ങിനെ തൊട്ടുണർത്തി നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ 'അവനവൻ കടമ്പ'. പതിറ്റാണ്ടുകൾക്ക് മുമ്പ് നാടകവേദിയാകെ നിരന്തര പരീക്ഷണങ്ങളിലൂടെ നവീകരിച്ച കാവാലം നാരായണപ്പണിക്കരുടെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുതുതലമുറ 'അവനവൻ കടമ്പ' വേദിയിൽ അവതരിപ്പിച്ചത്. കോട്ടയം നവയുഗ് ചിൽഡ്രൻസ് തിയേറ്ററാണ് നാടകം വേദിയിൽ അവതരിപ്പിച്ചത്.
പ്രശസ്ത ചലച്ചിത്രകാരൻ അരവിന്ദൻ സംവിധാനം ചെയ്ത് നെടുമുടി വേണു ഉൾപ്പെടെയുള്ളവർ അഭിനയിച്ചാണ് അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം 'അവനവൻ കടമ്പ' അരങ്ങിലെത്തിയത്. അടിയന്തരാവസ്ഥയുടെ 47 വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് കുട്ടികൾ നാടകം വീണ്ടും രംഗത്ത് എത്തിച്ചത്. നാടകം വീണ്ടും അരങ്ങില്‍ എത്തിയപ്പോൾ അക്ഷര നഗരിയിലെ നാടക പ്രേമികൾക്ക് അത് വേറിട്ട അനുഭവമായി.
ചലച്ചിത സംവിധായകൻ ജോഷി മാത്യു നേതൃത്വം നൽകുന്ന കോട്ടയത്തെ നവയുഗ് ചിൽഡ്രൻസ് തിയേറ്ററിലെ മുതിർന്ന കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. യദു നന്ദൻ ആണ് പ്രധാന വേഷം ചെയ്തത്. 11 വർഷം കാവാലത്തിന്റെ ട്രൂപ്പിലുണ്ടയിരുന്ന സതീഷ് തുരുത്തിയാണ് നാടകം സംവിധാനം ചെയ്തത്.
കോട്ടയം പബ്ലിക് ലൈബ്രറിയിലെ അക്ഷര ശിൽപ്പത്തിന് മുൻപിൽ ഞായറാഴ്ച അരങ്ങേറിയ നാടകം ആസ്വദിക്കാൻ നിരവധി നാടകപ്രേമികളാണ് എത്തിയത്.