എറണാകുളം : വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ (Sexual Assault) ടെലിവിഷൻ താരം ഷിയാസ് കരീമിന് (Shiyas Kareem) ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഷിയാസിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടാം (Interim Bail To Shiyas Kareem On Sexual Assault Case).
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ പൊലീസ് ഇന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ലുക്കൗട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്‌റ്റംസ് വിഭാഗം തടഞ്ഞുവച്ച ഷിയാസിനെ പൊലീസെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാഗ്‌ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്‌ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും കയ്യേറ്റം ചെയ്‌തതായും പരാതിയിൽ യുവതി ഉന്നയിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽവച്ചും മൂന്നാറിലെ റിസോർട്ടിൽവച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.
പിന്നീട് യുവാവ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫെയ്‌സ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 'കുറേ ആളുകൾ എന്‍റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്' – ഷിയാസ് കരീം പറഞ്ഞു.