കന്നട സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കടുവ'യുടെ പ്രചരണാർഥം ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് താരം മനസ് തുറന്നത്. നടന്മാരായ ശിവണ്ണ, യഷ്, രക്ഷിത് ഷെട്ടി എന്നിവർക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പാന്‍ ഇന്ത്യന്‍ തലത്തില്‍ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് പ്രശാന്ത് നീലെന്നും പൃഥ്വിരാജ് പറഞ്ഞു. നായിക സംയുക്ത മേനോനും പൃഥ്വിരാജിനൊപ്പം പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തു.
ജൂൺ 30 നാണ് 'കടുവ' റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് ഒബ്‌റോയും എത്തുന്നു. വിവേകിന്‍റെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'കടുവ'.
സംയുക്ത മേനോന്‍, വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ് നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍, സായ്‌കുമാര്‍, ജനാര്‍ദ്ദനന്‍, രാഹുല്‍ മാധവ്, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജിനു വി എബ്രഹാമിന്‍റെതാണ് തിരക്കഥ. ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.