ദളപതി വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാരിസ്'. 'വാരിസി'ന്‍റെ ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമ ജീവിതത്തിന്‍റെ തുടക്കത്തില്‍ തനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നുവെന്നാണ് നടന്‍ വിജയ് പറയുന്നത്.
ഓഡിയോ ലോഞ്ച് വേദിയില്‍ തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. വിജയം വരുമ്പോഴും പ്രശ്‌നങ്ങള്‍ വരുമ്പോഴും ഒരു ചിരിയോടെ എങ്ങനെ നേരിടുന്നു എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. ശീലമായിപ്പോയെന്നും ആവശ്യമുള്ള വിമര്‍ശനവും ആവശ്യമില്ലാത്ത എതിര്‍പ്പും നമ്മളെ മുന്നോട്ട് നയിക്കും എന്നുമായിരുന്നു വിജയ് മറുപടി നല്‍കിയത്.
എന്തു വന്നാലും കണ്ണുകളില്‍ ഭയം കാണാറില്ലല്ലോ എന്നതായിരുന്നു വിജയോടുള്ള അടുത്ത ചോദ്യം. അതിന് ഒരു കഥ പോലെയാണ് താരം മറുപടി നല്‍കിയത്. 'ഞാനൊരു കഥ പറയാം. തൊണ്ണൂറുകളില്‍ എനിക്ക് ഒരു എതിരാളി വന്നു. തുടക്കത്തില്‍ ഞാനും അദ്ദേഹവും തമാശയ്‌ക്ക് മത്സരിച്ചു. എന്നാല്‍ ഞങ്ങള്‍ വളരുന്നതിന് അനുസരിച്ച് മത്സരവും വളര്‍ന്നു. അദ്ദേഹത്തിന്‍റെ വിജയം എന്നെ ഭയപ്പെടുത്തി. ആ ഭയമാണ് എന്നെ പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചത്.
ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന് കാരണം ആ എതിരാളിയാണ്. അദ്ദേഹത്തേക്കാള്‍ മികച്ചതാകണം എന്ന ചിന്തയോടെയാണ് ഓരോ സിനിമയും ചെയ്യുന്നത്. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ച് കൊണ്ടേയിരുന്നു.
അതുപോലെ മത്സരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാവണം. ആ മത്സരാര്‍ഥി ഉണ്ടായ വര്‍ഷം 1992. അയാളുടെ പേരാണ് ജോസഫ് വിജയ്. നിങ്ങളുടെ എതിരാളി നിങ്ങള്‍ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങള്‍ നിങ്ങളോടു തന്നെ പൊരുതണം. അതുമാത്രമെ നിങ്ങളെ മികച്ചവനാക്കൂ' -വിജയ് പറഞ്ഞു.
Also Read: വാരിസ് ഗാനം ആലപിക്കാന്‍ വിജയ്.. പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍