സമീര്‍ ഖാഖറിന് വിട : മുതിര്‍ന്ന നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തെ മുംബൈ സബർബന്‍, ബോറിവാലിയിലെ എംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ബോറിവാലിയിലെ ശ്‌മശാനത്തിൽ : ബോറിവാലിയിലുള്ള ശ്‌മശാനത്തിൽ രാവിലെ 10.30 നായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സഹോദരൻ ഗണേഷ് ആണ് നടന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ബുധനാഴ്‌ച രാവിലെ സമീർ മരിച്ചതായി സഹോദരന്‍ അറിയിച്ചു.
വിയോഗ വാര്‍ത്ത അറിയിച്ച് സഹോദരന്‍ ഗണേഷ്: 'കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെട്ടിരുന്നു. ഞങ്ങൾ ഡോക്‌ടറെ വീട്ടിലേക്ക് വിളിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യാൻ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ഒന്നിലധികം അവയവങ്ങൾ തകരാറിലായിരുന്നു. ഇന്ന് പുലർച്ചെ 4.30ന് അവന്‍ യാത്രയായി' -ഗണേഷ് പറഞ്ഞു.
സമീര്‍ ഖാക്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം : സമീര്‍ ഖാക്കറുടെ വിയോഗ വാര്‍ത്ത ഇന്ത്യന്‍ സിനിമ ലോകത്തിന് ഇനിയും അംഗീകരിക്കാനായിട്ടില്ല. നിരവധി പേരാണ് സമീര്‍ ഖാക്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദൗർഭാഗ്യകരമായ ഈ വാർത്ത അറിഞ്ഞ ശേഷം സംവിധായകന്‍ ഹൻസൽ മേത്ത പ്രിയ നടന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
സമീര്‍ ഖാക്കറിന് ഹന്‍സല്‍ മേത്തയുടെ ഓര്‍മക്കുറിപ്പ് : 'എന്തോ കാരണങ്ങളാൽ കോളജില്‍ വച്ച് ഞാന്‍ അദ്ദേഹത്തെ ഖോപ്‌ഡി എന്നാണ് വിളിച്ചിരുന്നത്. അത് അദ്ദേഹത്തിന്‍റെ 'നുക്കഡ്' (ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌ത പരമ്പര) എന്ന ടെലിവിഷന്‍ സീരീസിലെ കഥാപാത്രത്തിന്‍റെ പേരായിരുന്നു. അക്കാലത്തെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഇപ്പോഴും അദ്ദേഹത്തെ ഖോപ്‌ഡി എന്ന് വിളിക്കുന്നു. പക്ഷേ വിടപറയാൻ സമയമായി എന്ന് ഞാൻ കരുതുന്നു. സമീർ ഖാഖറിന് വിട. ഓർമ്മകൾക്ക് നന്ദി' - ഹന്‍സല്‍ മേത്ത കുറിച്ചു.
നാല് പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയ ജീവിതം : നാല് പതിറ്റാണ്ട് നീണ്ടുനിന്നതായിരുന്നു സമീര്‍ ഖാക്കറുടെ അഭിനയ ജീവിതം. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌ത 'സര്‍ക്കസ്', 'നുക്കഡ്' എന്നീ പരമ്പരകളിലൂടെയാണ് അദ്ദേഹം പ്രശസ്‌തിയുടെ കൊടുമുടിയിലെത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരയായ 'ശ്രീമാൻ ശ്രീമതി', സോണി എന്‍റര്‍ടെയിന്‍മെന്‍റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌ത 'അദാലത്ത്' എന്നിവയിലൂടെയും അദ്ദേഹം ജനപ്രിയനായി മാറിയിരുന്നു.
Also Read: തെലുഗു താരം കൈകല സത്യനാരായണ അന്തരിച്ചു
ഏറ്റവും ഒടുവില്‍ ഷാഹിദിനൊപ്പം ഫര്‍സിയിലും : 'ഹസീ തോ ഫേസി', 'ജയ് ഹോ', 'പട്ടേൽ കി പഞ്ചാബി ഷാദി' തുടങ്ങി സിനിമകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്‌തു. അടുത്തിടെ പുറത്തിറങ്ങിയ ഷാഹിദ് കപൂറും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ വെബ് സീരീസ് 'ഫര്‍സി'യിലും അദ്ദേഹം അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് 'ഫര്‍സി' സ്‌ട്രീം ചെയ്യുന്നത്.