മുംബൈ : ഗ്ലാമറസ് വസ്‌ത്രധാരണം കൊണ്ട് ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരമായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും തിളങ്ങിയിട്ടുണ്ട് നടി. വൂട്ട്‌സ് ആപ്പില്‍ സ്‌ട്രീം ചെയ്‌ത ബിഗ് ബോസ് ഒടിടിയിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധേയയായത്. റിയാലിറ്റി ഷോയ്‌ക്ക് പിന്നാലെ പൊതു സ്ഥലങ്ങളിലും അവാര്‍ഡ് ചടങ്ങുകളിലുമെല്ലാം ഗ്ലാമര്‍ ലുക്കിലും ബോള്‍ഡ് ലുക്കിലുമൊക്കെ എത്തിയ ഉര്‍ഫിയെ മാധ്യമങ്ങള്‍ എപ്പോഴും വളയാറുണ്ട്.
ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ജനിച്ച താരം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെല്ലാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. താന്‍ ഒരിക്കലും ഒരു മുസ്‌ലിമിനെ വിവാഹം കഴിക്കില്ലെന്നും ഉര്‍ഫി മുന്‍പ് പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഉര്‍ഫി ജാവേദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്ക് 15 വയസുളളപ്പോള്‍ ഫേസ്‌ബുക്കിലെ പ്രൊഫൈല്‍ ചിത്രം എടുത്ത് ആരോ അശ്ലീല വെബ്‌സൈറ്റില്‍ ഇട്ടെന്നും തുടര്‍ന്ന് സ്വന്തം വീട്ടില്‍ നടന്ന സംഭവ വികാസങ്ങളുമാണ് ഉര്‍ഫി തുറന്നുപറഞ്ഞത്.
പലരും പോണ്‍ താരമെന്ന് വിളിച്ചു: വീട്ടില്‍ ഉള്‍പ്പടെ എല്ലാവരും ഇക്കാര്യം അറിഞ്ഞതോടെ തന്നെ കുറ്റപ്പെടുത്തിയ ദിനങ്ങളെ കുറിച്ചും നടി പറയുന്നു. ഈ സംഭവത്തിന് പിന്നാലെ പലരും തന്നെ പോണ്‍ താരമെന്ന് വിളിക്കാന്‍ തുടങ്ങി. സ്വന്തം പിതാവ് പോലും തന്നെ ആ രീതിയില്‍ കണ്ടു. വീട്ടില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആ സമയത്ത് ഒരുപാട് തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ടെന്നും നടി ഓര്‍ത്തെടുത്തു. എല്ലാം സഹിച്ച് രണ്ട് വര്‍ഷം കഴിയേണ്ടി വന്ന ഉര്‍ഫി 17-ാം വയസില്‍ വീട് വിട്ട് ഇറങ്ങുകയായിരുന്നു.
അന്ന് തന്‍റെ പിതാവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ഉര്‍ഫി വെളിപ്പെടുത്തി. കുട്ടിക്കാലത്ത് സ്വന്തം വീട്ടില്‍ താന്‍ ഒരിക്കലും സുരക്ഷിതയായിരുന്നില്ല. 17 വയസുളളപ്പോള്‍ തന്‍റെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടി പലായനം ചെയ്‌തു. പിതാവിന്‍റെ ക്രൂരമായ പീഡനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തോട് നടി പത്തുവര്‍ഷത്തോളം മിണ്ടിയില്ല.
പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു : പപ്പ തന്നെ അധിക്ഷേപിച്ചു. ഒരിക്കല്‍ ഞാന്‍ ബോധരഹിതയാകുന്നതുവരെ എന്നെ അടിച്ചു. അന്ന് വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഉര്‍ഫി പോയതിന് പിന്നാലെ നടിയുടെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിക്കുകയായിരുന്നു. അച്ഛനുമായി പിന്നീട് ഒരടുപ്പവും പുലര്‍ത്താതിരുന്ന താരം പത്ത് വര്‍ഷം മുന്‍പാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചത്.
വീട് വിട്ടശേഷം ലഖ്‌നൗവിലേക്ക് പോയ താരം അന്ന് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താണ് ജീവിതം മുന്നോട്ടുനീക്കിയത്. പിന്നീട് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. അവിടെ ഒരു കോള്‍ സെന്‍ററില്‍ ജോലി ലഭിച്ചെങ്കിലും കൂടുതല്‍ കാലം അത് തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിച്ചില്ല. ഡല്‍ഹിയില്‍ നിന്ന് പിന്നീട് മുംബൈയിലേക്ക് പോയ ഉര്‍ഫി അവിടെ ഒരു ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് എത്തുകയായിരുന്നു.
ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനം: കുട്ടിക്കാലത്ത് സുരക്ഷിതമായി വീടില്ലാത്തതാണ് മുംബൈയില്‍ സ്വന്തമായി ഒരു വീട് തേടാന്‍ അവളെ പ്രേരിപ്പിച്ചത്. താന്‍ സുരക്ഷിതമായ അന്തരീക്ഷത്തിലല്ല വളര്‍ന്നതെന്ന് നടി പറയുന്നു. അതിനാല്‍ ഞാന്‍ എന്‍റെ സ്വന്തം സുരക്ഷിത ഇടം ഉണ്ടാക്കാനായി പോയി, ഉര്‍ഫി പറഞ്ഞു. സ്വന്തം വീട്ടില്‍ നിന്നും മാറി മറ്റൊരിടത്തേക്ക് പോയതാണ് ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനമെന്നും ഉര്‍ഫി ജാവേദ് കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ വാടകയ്‌ക്ക് ഒരു അപാര്‍ട്ട്‌മെന്‍റ് കണ്ടെത്തുന്നത് വലിയൊരു ടാസ്‌കായിരുന്നു. ഹൗസിംഗ് സൊസൈറ്റിയിലെ ആളുകള്‍ മാതാപിതാക്കളെ പോലെയാണ് പെരുമാറിയത്. അവര്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വച്ചു. കൂടാതെ താന്‍ ഒരു അവിവാഹിതയായത് ഒരു വാടക വീട് കണ്ടെത്തുന്നതിന് കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു എന്നും ഉര്‍ഫി ജാവേദ് പറഞ്ഞു.