രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരിയാണ് തട്ടിപ്പിന് ഇരയായത്. സന്ന സൂരിയില്‍ നിന്നും എട്ടര ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
സന്നയുടെ പരാതിയില്‍ പീയുഷ് ജയ്‌ന്‍, സമീര്‍ ജെയ്‌ന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസ്‌റ്റിംഗ് ഡയറക്‌ടേഴ്‌സ് എന്ന പേരിലാണ് ഇരുവരും സന്നയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് പ്രതികളായ പീയുഷും സമീറും സോഷ്യല്‍ മീഡിയയിലൂടെ സന്നയുമായി ബന്ധപ്പെടുന്നത്.
ശേഷം 'ജയിലറി'ല്‍ നല്ലൊരു വേഷം ഉണ്ടെന്നും ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തില്‍ ഒരു ഫോട്ടോ അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. ഷൂട്ടിംഗിനായി പാരിസില്‍ പോകാനുള്ള ചെലവിനായി എട്ടര ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതും സന്ന അയച്ചുകൊടുത്തു.
എന്നാല്‍ ഈ സമയത്തൊന്നും സന്ന പ്രതികളെ നേരിട്ട് കണ്ടിരുന്നില്ല. പിന്നീട് സന്നയെ തിരഞ്ഞെടുത്തുവെന്ന് അറിയിച്ചുകൊണ്ട് പ്രതികള്‍ രജനികാന്തിനൊപ്പം പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്തിരുന്നു. സന്ന ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്‌തു.
എന്നാല്‍ വാര്‍ത്ത കണ്ട് 'ജയിലറി'ന്‍റെ സഹ സംവിധായകന്‍ സന്നയെ വിളിച്ചു. അപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് മോഡലിന് മനസ്സിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ക്കെതിരെ സന്ന കേസ് നല്‍കി. നിലവില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇനിയും അവരെ കണ്ടെത്താനായിട്ടില്ല.
Also Read: ജയിലറില്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും; ട്വീറ്റുമായി ട്രെയിഡ് അനലിസ്‌റ്റുകള്‍
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ ജയിലറുടെ വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുക. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിനായകന്‍, ശിവരാജ്‌കുമാര്‍, രമ്യ കൃഷ്‌ണന്‍ തുടങ്ങിയവരും 'ജയിലറി'ല്‍ അണിനിരക്കുന്നുണ്ട്. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. സ്‌റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.