കൊച്ചി : തല്ലുമാലയുടെ ഗംഭീര വിജയത്തിനുശേഷം ടൊവിനോ തോമസ് നായക വേഷത്തിലെത്തുന്ന സിനിമയാണ് ‘നീലവെളിച്ചം’. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു ചിത്രം ഒരുക്കുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ഏവരും വൻ പ്രതീക്ഷയിലാണ്. ഇപ്പോൾ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്രേതബാധയുള്ള വീട്ടിൽ താമസിക്കാൻ എത്തുന്ന എഴുത്തുകാരൻ : പ്രേതബാധയുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്ന വീട്ടിൽ താമസിക്കാൻ എത്തുന്ന എഴുത്തുകാരന് ആ വീട്ടിൽവച്ചുണ്ടാകുന്ന അനുഭവങ്ങളെ വരച്ചുകാട്ടിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മാറാല കൊണ്ട് മൂടിയ ഒരു വാതിൽ തുറക്കുന്നത് കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. 'ഒരു ഭയങ്കര ദുർമരണം നടന്ന വീടാണ് അതെന്നും അവിടെ ആകെ ഉള്ളത് ആ ആളെക്കൊല്ലി പ്രേതമാണെ'ന്നുമുള്ള ഡയലോഗാണ് പിന്നീട് കേൾക്കാൻ കഴിയുക. തുടർന്ന് അതേ വീട്ടിൽ താമസമാക്കുന്ന ടൊവിനോ തോമസിനേയും താനേ അടയുന്ന വാതിലുകളെയും ജനാലകളെയും കാണിച്ചുകൊണ്ട് ട്രെയിലർ മുന്നോട്ടുപോകുന്നു. ആ വീട്ടിൽ മുൻപ് താമസിച്ചിരുന്ന ഒരു പെൺകുട്ടി പ്രേമനൈരാശ്യം മൂലം അവിടെയുള്ള കിണറ്റിൽ ചാടി മരിച്ചു എന്ന് അറിയുന്ന ടൊവിനോ അതിന്‍റെ അടിത്തട്ടിലേക്ക് എത്തി നോക്കുന്നതും 'ഭാർഗവിക്കുട്ടീ നമ്മൾ തമ്മിൽ പരിചയമില്ല ഞാനാണ് ഈ വീട്ടിലെ പുതിയ താമസക്കാരൻ' എന്നുപറഞ്ഞ് പരിചയപ്പെടാൻ ശ്രമിക്കുന്നതും കാണാൻ സാധിക്കും. പിന്നീടങ്ങോട്ട് ആ വീട്ടിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളും ആ പെൺകുട്ടിയുടെ മരണത്തിനുപിന്നിലെ കാരണം അന്വഷിച്ച് ഇറങ്ങിത്തിരിക്കുന്ന കഥാകൃത്തിനെയുമാണ് കാണാനാവുക.
also read: 'നീലവെളിച്ചം' വരുന്നു, നായകൻ ടൊവിനോ: റിലീസ് തീയതി പ്രഖ്യാപിച്ചു
ഒരു പ്രണയിനിക്ക് എന്നെ മനസിലാകും : 'ഒരു പ്രണയിനിക്ക് എന്നെ മനസിലാകും' എന്ന് പറഞ്ഞുകൊണ്ട് ആ വീട്ടിലേക്കുള്ള മടങ്ങിപ്പോക്കിനെ എതിർക്കുന്ന കൂട്ടുകാരെ അവഗണിച്ചുകൊണ്ട് ഇറങ്ങിത്തിരിക്കുന്ന കഥാകൃത്ത് വീട്ടിലെ സാധനങ്ങളും പഴയ പത്രക്കുറിപ്പുകളുമെല്ലാം പരിശോധിക്കുന്നു. പിന്നീട് വീടിനകത്ത് അതിക്രമിച്ച് കയറുന്നവരുമായുള്ള ടൊവിനോയുടെ ഫൈറ്റ് സീനുകളും ഭാർഗവി ആത്‌മഹത്യ ചെയ്‌തതല്ല എന്നുള്ള ടൊവിനോയുടെ കണ്ടെത്തലും കാണിക്കുന്നു. നീല വെളിച്ചം നിറഞ്ഞ ഒരു മുറിക്കകത്തേക്ക് ഭാർഗവിക്കുട്ടീ എന്നുവിളിച്ച് കയറിപ്പോകുന്ന ടൊവിനോയെ കാണിച്ചുകൊണ്ടാണ് ട്രെയിലർ അവസാനിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
also read: ടൊവിനോയുടെ 'നീലവെളിച്ചം' ഒരു ദിവസം മുന്നേയെത്തും
മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ: വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കി 1964ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമയായ ഭാർഗവീനിലയത്തിൻ്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം. വിജയനിർമല, മധു, പ്രേം നസീർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. റെക്‌സ് വിജയനും ബിജിപാലും ചേർന്നാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. ടൊവിനോയെ കൂടാതെ റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, പൂജ മോഹൻരാജ്, ഉമ കെപി, ദേവകി ഭാഗി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.