'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികർ തിലകം' സിനിമയ്‌ക്ക് പാക്കപ്പ് (Tovino Thomas starrer Nadikar Thilakam movie pack up). അണിയറ പ്രവർത്തകർ തന്നെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയ വിവരം പുറത്തുവിട്ടത്. സിനിമയിലെ പ്രധാന താരങ്ങളും അണിയറക്കാരും ചേർന്നുള്ള ഫോട്ടോയും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ടൊവിനോ തോമസ് ആണ് 'നടികർ തിലകം' സിനിമയിൽ നായകനായി എത്തുന്നത്. 'മിന്നല്‍ മുരളി', 'തല്ലുമാല', 'അദൃശ്യ ജാലകങ്ങള്‍'
തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൗബിൻ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭാവനയും നിർണായക വേഷത്തിലുണ്ട്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, ദിവ്യ പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം അവിശ്വസനീയമായ ഒരു യാത്രയായിരുന്നു എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ പറയുന്നു. 'ഈ പ്രൊജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്‌ധർക്കും അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.
ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കശ്‌മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ട്. ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ. ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും തെളിവായ് സ്വീകരിക്കുന്നു'- ലാല്‍ ജൂനിയര്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തുവിടുമെന്നാണ് വിവരം. ഗോഡ്‌സ്‌പീഡിന്‍റെ ബാനറിൽ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നടികർ തിലകത്തിന്‍റെ നിർമാണം. അജു വർഗീസ്, ലാൽ, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടൻ, ഷോൺ സേവ്യർ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് ആണ് നടികർ തിലകത്തിന്‍റെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയത്. വൻ തുകക്കാണ് ഇവർ ഓഡിയോ റൈറ്റ് കരസ്ഥമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ ഒരുക്കിയത്. ആല്‍ബിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് രതീഷ് രാജും നിർവഹിക്കുന്നു. കലാസംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് മാധവാണ്.
ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്, വസ്ത്രാലങ്കാരം - ഏക്ത ഭട്ടേത്, മേക്കപ്പ് - ആര്‍ ജി വയനാടൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.