ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'തോൽവി എഫ്‌സി'യുടെ ടീസർ പുറത്ത് (Tholvi FC Teaser Released). ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറെ രസകരവും കൗതുകമുണർത്തുന്നതുമായ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന്‍റെ രചയിതാവും 'തിരികെ' എന്ന സിനിമയുടെ സംവിധായകനുമാണ് ജോർജ് കോര (Tholvi FC directed by George Kora).
'മധുര മനോഹര മോഹം', 'പ്രിയൻ ഓട്ടത്തിലാണ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് 'തോൽവി എഫ്‍സി' (Sharaf U Dheen in Tholvi FC). സമ്പൂർണ കോമഡി ഫാമിലി ഡ്രാമയുമായാണ് ഇക്കുറി ഷറഫുദ്ദീനും സംഘവും എത്തുന്നത്. ചിത്രം തിയേറ്ററിൽ ചിരിമഴ പെയ്യിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ.
- " class="align-text-top noRightClick twitterSection" data="">
ഷറഫുദ്ദീന് പുറമെ ജോർജ് കോര, ജോണി ആന്‍റണി, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ് സലീം, വിശാഖ് നായർ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാല താരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Tholvi FC Cast). നാല് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കുടുംബത്തിനകത്ത് നടക്കുന്ന നാല് വ്യത്യസ്‌ത സംഭവങ്ങളാണ് 'തോൽവി എഫ്‌സി' എന്ന ഈ സിനിമയ്‌ക്ക് ആധാരം.
ജോണി ആന്‍റെണി കുടുംബനാഥനായെത്തുമ്പോൾ ബെംഗളൂരുവിലെ ഐടി ജോലി ഉപേക്ഷിച്ച് നാട്ടില്‍ സംരംഭകനായി മാറിയ യുവാവിനെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. ഫുട്ബോൾ പരിശീലകനായാണ് ചിത്രത്തിന്‍റെ സംവിധായകനായ ജോർജ് കോര എത്തുന്നത് എന്നതും ടീസറിൽ നിന്നും വ്യക്തമാണ്. അഭിനേതാവെന്ന നിലയിൽ ഇതിനോടകം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട് ജോർജ് കോര.
'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ ജോർജ് കോര മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വതന്ത്ര സംവിധായകനായി കയ്യടി നേടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എബ്രഹാം ജോസഫാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. 'തിരികെ' എന്ന ചിത്രത്തിന് ശേഷം എബ്രഹാം ജോസഫ് ഒരുക്കുന്ന സിനിമ കൂടിയാണിത്. ഡിജോ കുര്യൻ, പോൾ കറുകപ്പള്ളിൽ, റോണിലാൽ ജയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവരാണ് തോൽവി എഫ്‌സിയുടെ സഹ നിര്‍മാതാക്കള്‍.
ശ്യാമപ്രകാശ് എംഎസ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും ലാൽ കൃഷ്‌ണ എഡിറ്റിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിക്കുന്നു. വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ് ഈ ചിത്രത്തിനായി പാട്ടുകൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതം സിബി മാത്യു അലക്‌സും നിർവഹിക്കുന്നു. ജെപി മണക്കാടാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.