James Caan passes away: പ്രശസ്‌ത ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു. 82 വയസായിരുന്നു. ബുധനാഴ്‌ച വൈകിട്ടോടെയായിരുന്നു അന്ത്യം. താരത്തിന്‍റെ മരണ വാര്‍ത്ത അദ്ദേഹത്തിന്‍റെ കുടുംബമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'ദി ഗോഡ്‌ഫാദര്‍' എന്ന സിനിമയിലെ സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജയിംസ് കാന്‍. 'ഗോഡ്‌ഫാദര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള അക്കാദമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷത്തിലും എത്തിയിരുന്നു.
1980കളിലാണ് അദ്ദേഹം ഹോളിവുഡില്‍ അഭിനയജീവിതം ആരംഭിച്ചത്. ചെറിയ വേഷങ്ങള്‍ ചെയ്‌തായിരുന്നു ജയിംസ് കാനിന്‍റെ തുടക്കം. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം തിളങ്ങി. 'ഗോഡ്‌ഫാദറി'നെ കൂടാതെ 'റോളര്‍ബോള്‍', 'തീഫ്', 'മിസെറി', 'ബോട്ടില്‍ റോക്കറ്റ്', 'ദി റെയിന്‍ പീപ്പിള്‍', 'കൗണ്ട് ഡൗണ്‍', 'ബ്രയാന്‍സ് സോങ്' തുടങ്ങീ സിനിമകളും ജയിംസ് കാനിനെ പ്രശസ്‌തിയിലെത്തിച്ചു. 'റോളര്‍ ബോള്‍' എന്ന സിനിമയിലെ അഭിനയത്തിന് കാനിന് മികച്ച നടനുള്ള സാറ്റേണ്‍ പുരസ്‌കാരം ലഭിച്ചു.
സോഫി ആര്‍തര്‍ കാന്‍ ദമ്പതികളുടെ മകനായി 1940ല്‍ ന്യുയോര്‍ക്കിലെ ബ്രോണ്‍ക്‌സിലാണ് ജനനം. കശാപ്പായിരുന്നു പിതാവിന്‍റെ തൊഴില്‍. ന്യുയോര്‍ക്ക് സിറ്റിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉരപിപഠനം പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്കിലെ ഹൊഫ്‌സ്‌ത്ര സര്‍വകലാശാലയിലെ പഠനകാലത്താണ് അഭിനയരംഗത്തെത്തുന്നത്.
തുടര്‍ന്ന് പ്ലേ ഹൗസ് സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്യം ഗോള്‍ഡ്‌മാന്‍റെ നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച കാന്‍ പിന്നീട് ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു. 1980കളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടിരുന്നു താരം. 81ല്‍ സഹോദരിയുടെ മരണത്തോടെ അദ്ദേഹം തകര്‍ന്നുപോയി. പിന്നീട് 1990ല്‍ 'മിസറി'യിലൂടെയായിരുന്നു താരത്തിന്‍റെ ഗംഭീര തിരിച്ചുവരവ്.
നാല് തവണ വിവാഹിതനായ അദ്ദേഹം എല്ലാ ഭാര്യമാരുമായും വിവാഹമോചനം നേടിയിരുന്നു. ഒരു മകളും മൂന്ന് ആണ്‍മക്കളുമാണ് അദ്ദേഹത്തിനുള്ളത്.