അടുത്ത കാലത്ത് വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് അഭിനേത്രി തമന്ന ഭാട്ടിയ (Tamannaah Bhatia). ബോളിവുഡ് നടന്‍ വിജയ് വർമയുമായുള്ള (Vijay Varma) പ്രണയവും അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ താരത്തിന്‍റെ ബോൾഡ് അപ്പിയറൻസുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ 'ലസ്റ്റ് സ്റ്റോറീസ് 2'ന്‍റെ (Lust Stories 2) റിലീസിന് പിന്നാലെ തമന്നയെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അടുത്തിടെയാണ് തമന്ന പ്രധാന കഥാപാത്രമായി ‘ജീ കർദാ’ (Jee Karda) എന്ന വെബ് സീരീസ് പുറത്തുവന്നത്. സീരീസിൽ ടോപ്‍ലെസ് ആയി എത്തിയാണ് ആരാധകരെ താരം ഞെട്ടിച്ചത്. സീരീസ് എത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനം തമന്ന ഭാട്ടിയ നേരിട്ടിരുന്നു.
ഇപ്പോൾ നെറ്റ്ഫ്ലിക്‌സ് ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സ്‌ട്രീമിങ് ആരംഭിച്ചപ്പോഴും സ്ഥിതിയിൽ മാറ്റമില്ല. അതീവ ഗ്ലാമറസായാണ് ‘ലസ്റ്റ് സ്റ്റോറീസ് 2’വിൽ നടി പ്രത്യക്ഷപ്പെടുന്നത്. കാമുകൻ കൂടിയായ വിജയ് വർമയുമായി ഏറെ അടുത്തിടപഴകുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ഇതെല്ലാമാണ് ചിലരെ ചൊടിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ, മുൻപ് ചുംബന രംഗങ്ങളിലും ഇന്‍റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്നുപറഞ്ഞ തമന്ന തന്നെയാണോ ഇതെന്നും ചോദിക്കുന്നു.
നേരത്തെ 'ജീ കർദ'യുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് തമന്ന തന്നെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ കഥാപാത്രങ്ങളായ ലാവണ്യയുടെയും ഋഷഭിന്‍റെയും കഥ പറയാൻ ഇത്തരം രംഗങ്ങൾ നിർണായകമാണെന്നായിരുന്നു തമന്ന പറഞ്ഞത്. ഈ രംഗങ്ങൾ ആരുടെയെങ്കിലും ശ്രദ്ധ ആകർഷിക്കാനായി നിർമിച്ചതല്ലെന്ന് വ്യക്തമാക്കിയ നടി റിലേഷൻഷിപ്പ് ഡ്രാമകളില്‍, പരസ്‌പര ബന്ധങ്ങളും പ്രണയവും സ്‌നേഹവുമെല്ലാം പ്രമേയമാവുന്ന ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള രംഗങ്ങൾ നിർണായക ഘടകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ‘ലസ്റ്റ് സ്റ്റോറീസ് 2’ന് പിന്നാലെയുള്ള താരത്തിന്‍റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. കുടുംബത്തോടൊപ്പം സിനിമ കാണുമ്പോൾ സെക്‌സ് രംഗങ്ങൾ അസ്വസ്ഥത ഉളവാക്കിയിരുന്നെന്നും അത് കാണുമ്പോൾ സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത് മറ്റെങ്ങോട്ടെങ്കിലും നോക്കിയിരുന്നുവെന്നുമാണ് തമന്ന പറഞ്ഞത്. കൂടാതെ നെറ്റ്ഫ്ലിക്‌സ് ആന്തോളജിക്കായി തന്‍റെ കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തമന്ന അടുത്തിടെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
'എന്‍റെ കരിയറിന്‍റെ തുടക്കം മുതൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഏറെ അടുത്തിടപഴകുന്ന രംഗങ്ങളിൽ ഞാൻ അഭിനയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്നെ ഇഷ്‌പ്പെടുന്ന പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.
പക്ഷേ അത്തരം മിഥ്യാധാരണ പൊളിച്ച് പുറത്തുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ എന്നെ പുതുക്കാനും പല തരത്തിലുള്ള വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യുന്നത് ഞാനിപ്പോൾ ആസ്വദിക്കുകയാണ്'- വിമർശകരുടെ വായടപ്പിക്കാൻ ഉതകുന്നതാണ് തമന്നയുടെ വാക്കുകൾ.
ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ലസ്റ്റ് സ്റ്റോറീസി'ന്‍റെ രണ്ടാം ഭാഗമായാണ് ജൂൺ 29 മുതൽ 'ലസ്റ്റ് സ്റ്റോറീസ് 2' നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീമിങ് ആരംഭിച്ചത്. സമൂഹത്തില്‍ വിവിധ തലത്തില്‍ ജീവിക്കുന്ന ഏതാനും സ്‌ത്രീകളുടെ ലൈംഗിക താത്‌പര്യങ്ങളിലും പ്രണയത്തിന്‍റെ പുതിയ നിർവചനങ്ങളിലും അവരുടെ ചോയ്‌സുകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന 'ലസ്റ്റ് സ്റ്റോറീസിന്‍റെ ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് 'ലസ്റ്റ് സ്‌റ്റോറീസ്' രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ ഒരുക്കിയത്. സുജോയ് ഘോഷ് ആണ് തമന്ന, വിജയ് വർമ എന്നിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സീരീസിലെ അംഗദ് ബേദി, മൃണാൾ താക്കൂർ, നീന ഗുപ്‌ത എന്നിവർ അഭിനയിച്ച സെഗ്‌മെന്‍റ് ആർ ബാൽക്കിയും അമൃത സുഭാഷ്, തിലോത്തമ ഷോം എന്നിവരുടെ സെഗ്‌മെന്‍റ് കൊങ്കണ സെൻ ശർമയുമാണ് സംവിധാനം ചെയ്‌തത്. കജോളിന്‍റെയും കുമുദ് മിശ്രയുടെയും ഭാഗം സംവിധാനം ചെയ്‌തിരിക്കുന്നത് അമിത് ശർമയാണ്.
അതേസമയം അനുരാഗ് കശ്യപ്, സോയ അക്തർ, കരൺ ജോഹർ, ദിബാകർ ബാനർജി എന്നിവരാണ് 2018 ൽ പുറത്തിറങ്ങിയ 'ലസ്റ്റ് സ്റ്റോറീസ്' ആദ്യ ഭാഗത്തിലെ സെഗ്‌മെന്‍റുകൾ സംവിധാനം ചെയ്‌തത്. രാധിക ആപ്‌തെ, ഭൂമി പെഡ്‌നേക്കർ, കിയാര അദ്വാനി, വിക്കി കൗശൽ, മനീഷ കൊയ്‌രാള, ജയ്‌ദീപ് അഹ്ലാവത്, നീൽ ഭൂപാലം, സഞ്ജയ് കപൂർ എന്നിവരായിരുന്നു വിവിധ സെഗ്‌മെന്‍റുകളിലായി അണിനിരന്നത്.