ചെന്നൈ : സ്വരമാധുരിയിലൂടെ മലയാളികളുടെ ജീവിതം ധന്യമാക്കുന്ന കെഎസ് ചിത്ര അറുപതിലേക്ക് പ്രവേശിക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്രഗാനസപര്യയില്‍ അതുല്യമായ അനേകം ഗാനങ്ങളിലൂടെ മലയാളത്തിന്‍റെ വാനമ്പാടിയായി അവര്‍ അടയാളപ്പെടുത്തപ്പെട്ടു. മലയാളത്തിനുപുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷകളിലും ആലാപനമധുരം ചൊരിയുന്നതായിരുന്നു അവരുടെ സംഗീതജീവിതം.
ഇളയരാജ, എആര്‍ റഹ്മാന്‍, കീരവാണി, രവീന്ദ്രന്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങി വിഖ്യാത സംഗീതജ്ഞരുടെ ഈണങ്ങള്‍ രാഗഭാവലയം ചോരാതെ അനുവാചകരിലേക്ക് പ്രസരിപ്പിക്കുകയായിരുന്നു കെ എസ് ചിത്ര. യേശുദാസ്, ഹരിഹരന്‍, എസ്‌പി ബാലസുബ്രഹ്മണ്യം തുടങ്ങിയ ഗായകരുടെ വൈവിധ്യനിരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തന്‍റെ പിന്നണിഗാനാധ്യായങ്ങളിലെ അനുഭവങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് കെഎസ് ചിത്ര. വിഖ്യാത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചതിങ്ങനെ.
എ ആര്‍ റഹ്മാനെ ആദ്യം കാണുന്നത് രാജാസാറിന്‍റെ റെക്കോര്‍ഡിംഗ് സമയത്ത് ചെറിയൊരു പയ്യനായിട്ട് അവിടെ കീബോര്‍ഡ് വായിക്കുന്നതാണ്. ദിലീപ് എന്ന് രാജാസാര്‍ വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. റോജയുടെ റെക്കോര്‍ഡിംഗിന് ചെല്ലുമ്പോഴാണ് എആര്‍ റഹ്മാന്‍ എന്ന പേര് അറിയുന്നതും അന്ന് കണ്ട കുട്ടിയാണല്ലോ എന്ന് തിരിച്ചറിയുന്നതും.
ഒരുപാട് നല്ല പാട്ടുകള്‍ അദ്ദേഹം വിശ്വസിച്ച് എനിക്ക് തന്നിട്ടുണ്ട്. അതുവരെ നടന്നുവന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ റെക്കോര്‍ഡിംഗ് ശൈലി. ആദ്യം പാടിപ്പിച്ച ശേഷമാണ് ഓര്‍ക്കസ്ട്രേഷന്‍ ചെയ്യുന്നത്. അപ്പോള്‍ പാട്ടിന്‍റെ പൂര്‍ണ രൂപം എന്താണെന്ന് മുഴുവനായി പുറത്തുവരുമ്പോള്‍ മാത്രമേ നമുക്ക് അറിയാന്‍ പറ്റുമായിരുന്നുള്ളൂ.
എ ആര്‍ റഹ്‌മാന്‍റെ കീഴില്‍ പാടുന്നതിന്‍റെ അനുഭവം കെഎസ് ചിത്ര നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ അവര്‍ പറഞ്ഞതിങ്ങനെ. 'ഇന്ന് വരാമോ എന്ന് ചോദിച്ച് എആര്‍ റഹ്മാന്‍റെ സ്റ്റുഡിയോയില്‍ നിന്ന് വിളി വരും. പക്ഷേ പലപ്പോഴും വിളിക്കുന്ന ദിവസം നിര്‍ഭാഗ്യത്താല്‍ ജലദോഷമോ ശബ്ദം അടഞ്ഞോ ഒക്കെയായിരിക്കും. പക്ഷേ അദ്ദേഹം പറയും. കോള്‍ഡ് ഉണ്ടെങ്കില്‍ ഇന്നുതന്നെ വരൂ. ശബ്ദം വേറിട്ടുനില്‍ക്കും. ഞാന്‍ വേറിട്ട ശബ്ദത്തില്‍ പാടണമെന്ന് ആഗ്രഹമുള്ളയാളാണ് എ ആര്‍ റഹ്മാന്‍. മറ്റ് സംഗീത സംവിധായകര്‍ എന്നെ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ് എ ആര്‍ റഹ്മാന്‍റെ രീതികള്‍.
റോജയിലെ രുക്കുമണീ രുക്കുമണീ, ബോംബെ എന്ന ചിത്രത്തിലെ ഉയിരേ ഉയിരേ, ലവ് ബേര്‍ഡ്‌സ് എന്ന ചിത്രത്തിലെ മലര്‍ഗളേ മലര്‍ഗളേ , മിന്‍സാര കനവിലെ മാന്നാ മധുര മാമരക്കിലയിലേ, തിരുട തിരുടയിലെ വീരപാണ്ഡ്യ കോട്ടയിലേ, എന്‍ സ്വാസ കാറ്റ്‌രേ എന്ന ചിത്രത്തിലെ തീണ്ടായ് മെയ് തീണ്ടായ് തുടങ്ങിയവ എ ആര്‍ റഹ്‌മാന്‍ കെഎസ് ചിത്ര കൂട്ടുകെട്ടില്‍ പിറന്നവയാണ്.
ഡ്യുവറ്റ് എന്ന ചിത്രത്തിലെ അഞ്ജലീ അഞ്ജലീ. കഭീ ന കഭീയിലെ - തൂ ഹി തൂ, ബോംബെയിലെ കെഹ്‌ന കി ക്യാ, ധരം യോധയിലെ മുഛ്കോ യെ ലഗ്താ ഹെ, റോജയിലെ യെ ഹസീന്‍ വാദിയാ, ദ ജെന്‍റില്‍മാനിലെ രൂപ് സുഹാന ലഗ്താ ഹെ തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിലെ പ്രധാന ഹിന്ദി ഗാനങ്ങള്‍.