മലയാളത്തിലെ പ്രശസ്‌ത സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി (Shanavaz K Bavakutty) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേഷൻ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കാൻ തമിഴകത്ത് നിന്നും രണ്ട് പുതുമുഖ ഫൈറ്റ് മാസ്റ്റേഴ്‌സ് എത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെവിനും സ്റ്റെവിനുമാണ് ഷാനവാസ് കെ ബാവക്കുട്ടി ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലേക്ക് ചുവടുവയ്‌പ്പ് നടത്താൻ ഒരുങ്ങുന്നത്. പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രഫറും, ഏറ്റവും ഒടുവിൽ രജനികാന്ത് നായകനായി വൻ വിജയം കൊയ്‌ത ചിത്രം 'ജയിലറി'ല്‍ സ്റ്റണ്ട് ഒരുക്കിയ സ്റ്റണ്ട് ശിവയുടെ മക്കളാണ് കെവിനും സ്റ്റെവിനും.
അതേസമയം ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാലാണ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ഷാനവാസ് കെ ബാവക്കുട്ടി ചിത്രത്തിന്‍റെ നിർമാതാക്കൾ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏതായാലും സ്റ്റണ്ട് ശിവയുടെ മക്കള്‍ മലയാള ചിത്രത്തിലേക്ക് എത്തുമ്പോൾ നിരാശരാക്കില്ല എന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ.
'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്. രഘുനാഥ് പലേരിയാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഹക്കിം ഷായും പ്രിയംവദ കൃഷ്‍ണനും പൂര്‍ണിമ ഇന്ദ്രജിത്തും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വിജയരാഘവൻ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ഗണപതി, ജനാർദ്ദനൻ, ഉണ്ണിരാജ, വിജയ കുമാർ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, മനോഹരി ജോയ്, തുഷാര, സ്വാതിദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.
പൂർണമായും റൊമാന്‍റിക് കോമഡി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. എൽദോസ് നിരപ്പേൽ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് മനോജ് സി.എസ് ആണ്. രഘുനാഥ് പലേരിയുടെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.
ചിത്രീകരണം ആരംഭിച്ചു: ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിന് തുടക്കമായി. എറണാകുളം പുത്തൻകുരിശ് പെറ്റ് റോസ് ഇവന്‍റ് സെന്‍ററിലായിരുന്നു കഴിഞ്ഞ ദിവസം സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്.
വിക്രമാദിത്യൻ ഫിലിംസിന്‍റെ സഹകരണത്തോടെ, സപ്‌തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഒപി ഉണ്ണിക്കൃഷ്‌ൻ, ഷമീർ ചെമ്പയിൽ (വിക്രമാദിത്യൻ ഫിലിംസ്), സന്തോഷ് വാളകലിൽ, പി എസ് ജയഗോപാൽ, മധു പള്ളിയാന, പിഎസ് പ്രേമാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - നിസാർ റഹ്മത്ത്, കൊറിയോഗ്രാഫി - അബ്ബാദ് രാം മോഹൻ, ലൈൻ പ്രൊഡ്യൂസർ - എൽദോ സെൽവരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എം എസ് ബാബുരാജ്, സ്‌റ്റിൽസ് - ഷാജി നാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി സി, എ കെ രജിലേഷ്, സൗണ്ട് - രംഗനാഥ് രവി, ആക്ഷൻ - കെവിൻ കുമാർ, കാസ്‌റ്റിങ് ഡയറക്‌ടർ - ബിനോയ് നമ്പല, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് - ഷിബു പന്തലക്കോട്, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
READ MORE: പുതിയ ചിത്രവുമായി ഷാനവാസ് കെ ബാവക്കുട്ടി; മുഖ്യവേഷങ്ങളിൽ ഹക്കിം ഷായും പ്രിയംവദയും പൂർണിമയും