മുംബൈ : തൻ്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം പഠാന്‍റെ വിജയത്തിനുശേഷം ഒരു ഗംഭീര എസ്‌യുവി വാങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. കാറുകളോടുള്ള തൻ്റെ അടങ്ങാത്ത സ്‌നേഹത്തിന് പേരുകേട്ട ഷാരൂഖിന് മേഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി മുതലായ ബ്രാൻഡുകളുടെ വൻ ശേഖരമാണ് ഉള്ളത്. ഈ ശേഖരണത്തിലേക്കാണ് താരത്തിൻ്റെ ഏറ്റവും പുതിയ കാറായ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് എസ്‌യുവിയും കടന്നുവരുന്നത്. 10 കോടി രൂപ വിലമതിക്കുന്ന കസ്റ്റം പരിഷ്‌കരണങ്ങളോടുകൂടിയ കാറിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ മുംബൈ തെരുവുകളിലൂടെ രാത്രിയിൽ തൻ്റെ പുതിയ വാഹനം ഓടിച്ചുപോകുന്ന ബോളിവുഡിൻ്റെ രാജാവിനെ പലരും കണ്ടിരുന്നു.
ആർട്ടിക് വൈറ്റ് പെയിൻ്റിൽ വരുന്ന വാഹനത്തിൽ ഷാരൂഖിൻ്റെ നിർദേശ പ്രകാരം ചില മാറ്റങ്ങളും വരുത്തിയാണ് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. ഷാരൂഖിൻ്റേത് ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് എസ്‌യുവിയാണ്. ഷാരൂഖിന് മുൻപേ ഹൈദരാബാദിലും, ഒഡിഷയിലെ ഭുവനേശ്വറിലും വാഹനം എത്തിയിരുന്നു. റോൾസ് റോയ്‌സിൻ്റെ ലോഗോയായ സ്‌പിരിറ്റ് ഓഫ് എക്‌സ്റ്റസി ഡാർക്ക് ക്രോമിൽ ഒരുക്കിയ കാറുകളാണിവ എന്നതാണ് സവിശേഷത.
റോൾസ് റോയ്‌സ് ശ്രേണിയിലെ ഡോൺ : റോൾസ് റോയ്‌സ് ശ്രേണിയിലെ ഡോൺ, റെയ്‌ത്, ഗോസ്റ്റ്, എന്നീ മോഡലുകള്‍ ബ്ലാക്ക് ബാഡ്‌ജ് എഡിഷനായി കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലെതറിലും ഫാബ്രിക്കിലുമായി ഇൻ്റീരിയർ തീർത്തിരിക്കുന്ന കാറിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ വ്യൂയിങ്ങ് സ്യൂട്ട് സ്വിച്ചാണ്. സ്വിച്ചിട്ടാൽ വാഹനത്തിൽ നിന്ന് രണ്ട് കസേരകളും അതിനൊപ്പം ഒരു മേശയും പുറത്തുവരും. പിൻ സീറ്റ് യാത്രക്കാരെ ലഷ്യമിട്ട് നിർമ്മിച്ച വാഹനമാണിത്. 12 ഇഞ്ച് വരുന്ന ഒരു ടച്ച് സ്‌ക്രീൻ മോണിറ്ററും ഒരു ഡിജിറ്റൽ ടെലിവിഷനും വാഹനത്തിനകത്ത് വരുന്നുണ്ട്. 6.75 ലിറ്റർ വരുന്ന ട്വിൻ ടർബോ ചാർജ്‌ഡ് വി 12 എൻജിനാണ് വാഹനത്തിൽ കമ്പനി നൽകിയിരിക്കുന്നത്. വാഹനത്തിലെ നാല് ക്യാമറയും ചേർന്ന് ഒരു പനോരമിക് കാഴ്‌ചയും ഒരുക്കുന്നു. വാഹനത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഫീച്ചറുകളും ഗംഭീരമാണ്.
also read: സ്നോ പ്ലൗ അപകടത്തിന് ശേഷം ആദ്യമായി എഴുന്നേറ്റ് നടന്ന് ഹോളിവുഡ് താരം ജെറമി റെൻനർ
ബോളിവുഡിന് ഒരു പുതുജീവൻ നൽകിയ സിനിമ: കഴിഞ്ഞ വർഷം തുടർച്ചയായ പരാജയങ്ങൾ നേരിട്ട ബോളിവുഡിന് പുതുജീവൻ നൽകിയ സിനിമയാണ് ‘പഠാൻ’. ബാഹുബലി 2-ൻ്റെ ഹിന്ദി പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ അതിനെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയ പഠാന്‍ 1000 കോടി രൂപയ്ക്ക് മുകളിലാണ് ആഗോള കലക്ഷൻ നേടിയത്. തിയറ്ററുകളിൽ ബോക്‌സ് ഓഫിസ് ഹിറ്റായ ഷാരൂഖ് ഖാൻ്റെ ബ്ലോക്ക്ബസ്റ്റർ ‘പഠാൻ’ മാർച്ച് 22 ന് ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ഷാരൂഖിനെ കൂടാതെ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.