ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാന്‍ (Shah Rukh Khan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജവാൻ' (Jawan). ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 'ജവാന്‍റെ' റിലീസ് തീയതി ഓർമിപ്പിച്ചുകൊണ്ടാണ് പുതിയ പോസ്റ്ററുമായി കിങ് ഖാൻ എത്തിയിരിക്കുന്നത്.
'ജവാൻ' റിലീസിന് ഇനി ഒരു മാസം മാത്രമേയുള്ളൂവെന്ന് ബോളിവുഡിന്‍റെ സൂപ്പർ സ്റ്റാർ തന്‍റെ പുതിയ പോസ്റ്റിലൂടെ ആരാധകരെ ഓർമിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റർ സിനിമാലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
സിനിമയിലേതായി നേരത്തെ പുറത്തുവന്ന ചിത്രങ്ങൾക്ക് സമാനമായി മൊട്ടയടിച്ച് വേറിട്ട ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ഷാരൂഖ്. ഡെനിം ജാക്കറ്റും ക്യാറ്റ്-ഐ സൺഗ്ലാസും അണിഞ്ഞ് തോക്കും കയ്യില്‍ പിടിച്ചാണ് മോണോക്രോം ഇമേജിൽ കിങ് ഖാൻ ഉള്ളത്. അതേസമയം പശ്ചാത്തലത്തിൽ ബാൻഡേജ് ചെയ്‌ത് ഏറെക്കുറെ മറച്ചിരിക്കുന്ന മുഖത്തോടെയുള്ള മറ്റൊരു ചിത്രവും കാണാം.
സെപ്റ്റംബർ 7-ന് 'ജവാൻ' എത്തുമെന്ന ഓർമപ്പെടുത്തലും നടത്തുന്നുണ്ട് ഷാരൂഖ്. കൂടാതെ ചിത്രത്തിൽ നിന്നുള്ള ഒരു പവർ പാക്ക് വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സെപ്റ്റംബർ 7-ന് ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ ചിത്രം റിലീസിനെത്തും.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന 'ജവാൻ' തമിഴില്‍ ഹിറ്റുകൾ ഒരുക്കിയ അറ്റ്‌ലി (Atlee) ആണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയുടെ പ്രിയ താരം നയൻതാരയാണ് (Nayanthara) 'ജവാനി'ലെ നായിക. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (റോ) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനെയും ഗ്യാങ്സ്റ്ററായ മകനെയുമാകും താരം ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം തമിഴകത്തിന്‍റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുക. താരത്തിന്‍റെ ജവാനിലെ ക്യാരക്‌ടർ പോസ്റ്റർ അടുത്തിടെയാണ് അണിയറക്കാർ പുറത്തുവിട്ടത്. കൂളിങ് ഗ്ലാസ് വച്ച് തീർത്തും മാസ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററില്‍ കാണാനാകുക.
'മരണത്തിന്‍റെ വ്യാപാരി' ടാഗ്‌ലൈനോടെയാണ് സേതുപതിയുടെ ക്യാരക്‌ടർ പോസ്റ്റർ എത്തിയത്. 'അവനെ തടയാൻ ഒന്നുമില്ല... അതോ ഉണ്ടോ?', എന്ന് കുറിച്ചുകൊണ്ട് കിങ് ഖാൻ ഷാരൂഖ് ഖാനും പോസ്റ്റർ പങ്കുവച്ചിരുന്നു. ഏതായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോർക്കുന്ന വിജയ് സേതുപതിയെ കാണാനുള്ള ത്രില്ലിലാണ് ആരാധകർ.
പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ദീപിക പദുക്കോൺ (Deepika Padukone), സഞ്ജയ് ദത്ത് (Sanjay Dutt) എന്നിവർ 'അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്.
READ MORE: ആ കണ്ണുകൾ വിജയ് സേതുപതിയുടേത് തന്നെ; കിങ് ഖാനോട് പോരടിക്കാൻ 'മരണത്തിന്‍റെ വ്യാപാരി'