തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ശാകുന്തളം'. പുരാണ കഥയെ ആസ്‌പദമാക്കിയുള്ള 'ശാകുന്തളം' കണ്ട ശേഷം വികാരാധീനയായിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. തന്‍റെ സിനിമയോടുള്ള വികാരങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.
ശാകുന്തളം ടീമിനൊപ്പമുള്ള ചിത്രമടക്കമാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'ഒടുവിൽ ഞാനിന്ന് സിനിമ കണ്ടു! ഗുണശേഖർ ഗാരൂ. എന്‍റെ ഹൃദയം നിങ്ങളോടൊപ്പമാണ്. എത്ര മനോഹരമായ സിനിമ!. നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന് ജീവന്‍ നല്‍കിയിരിക്കുന്നു.
നമ്മുടെ കുടുംബ പ്രേക്ഷകർ ഈ സിനിമ കാണുന്നത് വരെ എനിക്ക് കാത്തിരിക്കാന്‍ ആവില്ല!. പിന്നെ എല്ലാ കുട്ടികളും. നിങ്ങൾ ഞങ്ങളുടെ മാന്ത്രിക ലോകത്തെ സ്നേഹിക്കാൻ പോകുന്നു!. ദിൽ രാജു ഗാരുവും നീലിമയും. ഈ അത്ഭുതകരമായ യാത്രയ്ക്ക് നന്ദി. ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും' - സാമന്ത കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
കാളിദാസന്‍റെ വിഖ്യാതമായ 'ശാകുന്തള'ത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുഷ്യന്ത മഹാരാജാവിന്‍റെ ഭാര്യയും, ഭരത ചക്രവർത്തിയുടെ അമ്മയുമാണ് ശകുന്തള. കാട്ടിൽ വേട്ടയാടാൻ പോകുമ്പോഴാണ് ദുഷ്യന്തന്‍ ശകുന്തളയെ കാണുന്നത്. അവിടെ വച്ച് ശകുന്തളയും ദുഷ്യന്തനും പ്രണയത്തിലാവുകയും ഗന്ധർവ സമ്പ്രദായ പ്രകാരം വിവാഹിതരാവുകയും ചെയ്യുന്നതാണ് ചിത്ര പശ്ചാത്തലം.
മിത്തോളജിക്കൽ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്. സിനിമയില്‍ ദുഷ്യന്ത മഹാരാജാവിന്‍റെ വേഷത്തിലാണ് ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റില്‍ റോളില്‍ ശകുന്തളായി സാമന്തയും വേഷമിടുന്നു.
2023 ഏപ്രിൽ 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നേരത്തെ ഫെബ്രുവരി 17ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
'ശാകുന്തള'ത്തെ കൂടാതെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'കുഷി'യാണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. 'കുഷി'യുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രൊജക്‌ടാണ് 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പ്.
'സിറ്റാഡലി'ന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കായി താരം കഠിന പ്രയത്നത്തിലാണ്. ഇതിനായി സാമന്ത അടുത്തിടെ നൈനിറ്റാളില്‍ എത്തിയിരുന്നു. രാജും ഡികെയും ചേര്‍ന്നൊരുക്കുന്ന പ്രൊജക്‌ടില്‍ വരുണ്‍ ധവാന്‍ ആണ് നായകനായെത്തുന്നത്. ഡി2ആർ ഫിലിംസിന്‍റെ ബാനറിൽ രാജ് നിദിമോരുവും കൃഷ്‌ണ ഡികെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി പ്രവർത്തിക്കും.
Also Read: നഗ്നപാദയായി 600 പടികള്‍ കയറി സാമന്ത; പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി താരം
എജിബിഒയുടെ ആന്‍റണി റൂസ്സോ, ജോ റുസ്സോ, മൈക്ക് ലാറോക്ക, ഏഞ്ചല റുസ്സോ-ഒറ്റ്‌സ്‌റ്റോട്ട്, സ്കോട്ട് നെമെസ്, ഡേവിഡ് വെയിൽ (ആമസോണ്‍ സീരീസ് ഹണ്ടേഴ്‌സ്) എന്നിവരുടെ സഹകരണത്തോടെ ഡി2ആർ ഫിലിംസും ആമസോൺ സ്‌റ്റുഡിയോയും ചേർന്നാണ് സീരീസിന്‍റെ നിര്‍മാണം. ഇവര്‍ തന്നെയാണ് ഇന്ത്യന്‍ പതിപ്പിന്‍റെയും ഒറിജിനല്‍ സീരീസിന്‍റെയും മറ്റെല്ലാ പതിപ്പുകളുടെയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'സിറ്റാഡൽ' സീരീസിന്‍റെ അന്താരാഷ്‌ട്ര പതിപ്പ് റൂസ്സോ ബ്രദേഴ്‌സ് ആണ് ഒരുക്കിയിരിക്കുന്നത്.