മുംബൈ : സൽമാൻ ഖാന്‍റെ സിനിമ സെറ്റുകളില്‍ സ്‌ത്രീകളുടെ വസ്‌ത്രധാരണത്തിന് പ്രത്യേക നിയമങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് താരം. നടന്‍ അതിഥിയായി എത്തുന്ന ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന ഷോയിലൂടെയാണ് സ്‌ത്രീകളെ കുറിച്ചുള്ള തന്‍റെ കാഴ്ച്ചപ്പാട് സൽമാൻ വ്യക്തമാക്കിയത്. 'ആന്‍റിം: ദി ഫൈനൽ ട്രൂത്ത്' എന്ന സിനിമയുടെ സെറ്റിൽ സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കണം എന്നതില്‍ പ്രത്യേക നിയമങ്ങളുണ്ടായിരുന്നുവെന്ന നടി പലക് തിവാരിയുടെ പരാമർശം വിവാദമായതിനെ തുടർന്നാണ് സൽമാന്‍റെ പ്രതികരണം.
'സ്‌ത്രീകളുടെ ശരീരം വളരെ അമൂല്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് എത്രത്തോളം മറച്ചുവയ്ക്കുന്നോ അത്രയും നല്ലതാണ്'. അതേസമയം തെറ്റ് പുരുഷന്മാരിലാണെന്നും അവർ സ്‌ത്രീകളെ നോക്കുന്ന രീതിയിലാണ് പ്രശ്‌നമെന്നും സൽമാൻ പറയുന്നുമുണ്ട്.
സ്ത്രീകള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം അടിച്ചേല്‍പ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അവതാരകന്‍ രജത് ശർമ പ്രതികരിക്കുകയും ചെയ്‌തു. സല്‍മാന്‍ ഓരോ സിനിമയിലും തന്‍റെ ഷര്‍ട്ടുകൾ ഊരിമാറ്റി ശരീരം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അവതാരകൻ ചൂണ്ടിക്കാട്ടി. അപ്പോള്‍ സല്‍മാന്‍റെ പ്രതികരണം ഇത്തരത്തിലായിരുന്നു.
'ഇതിൽ യാതൊരുവിധ ഇരട്ടത്താപ്പുമില്ല. ആ സമയത്ത് അത്തരത്തിൽ അഭിനയിക്കുന്നത് പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം വളരെ മോശമായിരിക്കുകയാണ്. ഇത് സ്ത്രീകളുടെ മാത്രം കാര്യമല്ല. ഇത് ആണ്‍കുട്ടികളുടെയും കാര്യമാണ്. അവര്‍ പെണ്‍കുട്ടികളെ നോക്കുന്ന രീതി ശരിയല്ല.
അവർ ഈ അപമാനത്തിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ല'. താൻ സിനിമകൾ ചെയ്യുമ്പോൾ അത്തരത്തിൽ പുരുഷന്മാർക്ക് നായികയെ തുറിച്ചുനോക്കാൻ അവസരം നൽകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷന്മാരുടെ മോശം നോട്ടങ്ങളെ നേരിടേണ്ടവളല്ല സ്ത്രീകള്‍. അത്തരമൊരു സാഹചര്യത്തിലൂടെ അവര്‍ കടന്നുപോകുന്നത് തനിക്ക് ഇഷ്‌ടമില്ലാത്ത കാര്യമാണെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.
ALSO READ: 'അച്ഛനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ചില നിയമ പ്രശ്‌നങ്ങളുണ്ട്' ; മനസുതുറന്ന് സൽമാൻ ഖാൻ
അടുത്തിടെയാണ് സൽമാൻ ഖാനെക്കുറിച്ചുള്ള നടി പലക് തിവാരിയുടെ വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാന്‍റെ സെറ്റിൽ വനിതകൾക്ക് നെക്‌ലൈന്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമില്ലായിരുന്നു എന്നായിരുന്നു പലക് തിവാരിയുടെ വെളിപ്പെടുത്തൽ. മറിച്ച് 'നല്ല പെൺകുട്ടികളെ' പോലെ ശരീരം മറയ്ക്കുകയും കഴുത്ത് ഇറങ്ങാത്ത വസ്‌ത്രങ്ങൾ ധരിക്കണമെന്നുമാണ് നിർദേശിച്ചിരുന്നതെന്നുമാണ് പലക് തിവാരി വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് സൽമാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.