മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ കൊല്ലുമെന്ന് ഇമെയിൽ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാർച്ചിൽ ഗുണ്ടാസംഘ നേതാവായ ഗോൾഡി ബ്രാറിന്‍റെ പേരിൽ ഇയാൾ സൽമാൻ ഖാന് വധഭീഷണി അയക്കുകയായിരുന്നു. ഇന്ത്യൻ ടിവി ഷോയായ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ പങ്കെടുത്ത് സൽമാൻ വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് തനിക്ക് നൽകിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയെക്കുറിച്ചും സംസാരിച്ചിരുന്നു.
'സുരക്ഷയാണ് അരക്ഷിതാവസ്ഥയേക്കാൾ നല്ലത്. അതെ സെക്യൂരിറ്റിയുണ്ട്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. അതിലുപരിയായി, ഞാൻ ഇപ്പോൾ നേരിടുന്ന ഒരു പ്രശ്‌നം ഉണ്ട്, ഞാൻ യാത്ര ചെയ്യുമ്പോൾ വളരെയധികം സുരക്ഷ വാഹനങ്ങൾ മറ്റുള്ളവർക്ക് അസൗകര്യം സൃഷ്‌ടിക്കുന്നു. എന്‍റെ പ്രിയപ്പെട്ട ആരാധകർ എന്നെ ഇങ്ങനെ നോക്കാറുണ്ട്. ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ,' സൽമാൻ ഖാൻ പറഞ്ഞു.
തനിക്ക് ചുറ്റും ഇത്രയും തോക്കുകൾ കാണുമ്പോൾ താൻ പലപ്പോഴും ഭയപ്പെടുന്നുവെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. 'കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയിൽ ഒരു ഡയലോഗുണ്ട് അവർക്ക് 100 തവണ ഭാഗ്യമുണ്ടാകണം, എനിക്ക് ഒരു തവണ ഭാഗ്യമുണ്ടാകണം. അതിനാൽ, ഞാൻ വളരെയധികം ശ്രദ്ധിക്കുകയാണ്,' സൽമാൻ കൂട്ടിച്ചേർത്തു.
'ഞാൻ പൂർണ്ണ സുരക്ഷയോടെയാണ് എല്ലായിടത്തും പോകുന്നത്. നിങ്ങൾ എന്ത് ചെയ്‌താലും സംഭവിക്കാൻ പോകുന്നതെന്തും സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവം അവിടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ സ്വതന്ത്രമായി കറങ്ങാൻ തുടങ്ങും എന്നല്ല. ഇപ്പോൾ എനിക്ക് ചുറ്റും നിരവധി അംഗരക്ഷകരുണ്ട്. നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു, ഈ ദിവസങ്ങളിൽ ഞാൻ ഭയപ്പെടുന്നു', സൽമാൻ തന്‍റെ മനസ് തുറന്നു.
പ്രശ്‌നങ്ങൾ ഇങ്ങനെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്രീന കൈഫിനൊപ്പം സൽമാൻ ഖാൻ അഭിനയിക്കുന്ന 'ടൈഗർ 3' ദീപാവലിക്ക് തിയറ്ററുകളിലെത്തുക.