രാജ്യാന്തര ശ്രദ്ധ നേടിയ കന്നഡ സിനിമയാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. 'കെജിഎഫി'ന് ശേഷം ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കന്നഡ ചിത്രം കൂടിയാണ് 'കാന്താര'. ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത് അഭിനയിച്ച സിനിമയുടെ ക്ലൈമാക്‌സാണ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
കന്നഡ സംസ്‌കാരവും മിത്തും കൂടികലര്‍ന്നത ചിത്രത്തിന് രാജ്യത്തിന്‍റെ നാനാതുറങ്ങളില്‍ നിന്നും പ്രേക്ഷക നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. ബോക്‌സ് ഓഫിസിലും മികച്ച വിജയം നേടിയിരുന്നു. 'കാന്താര'യുടെ വിജയത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നിര്‍മാതാക്കള്‍ 'കാന്താര 2'ന്‍റെ തിരക്കഥ ജോലികള്‍ ആരംഭിച്ചു. ഉഗദിയോടനുബന്ധിച്ചാണ് 'കാന്താര 2'നെ കുറിച്ചുള്ള പുതിയ വിവരം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഹോംബാലെ ഫിലിംസാണ് ഇക്കാര്യം പങ്കുവച്ചത്. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഉഗദി ആശംസകള്‍ക്കൊപ്പം 'കാന്താര'യുടെ പോസ്‌റ്റര്‍ പങ്കുവയ്‌ക്കുകയായിരുന്നു ഹോംബാലെ ഫിലിംസ്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
'ഉഗദിയുടെയും പുതുവര്‍ഷത്തിന്‍റെയും ഈ സുവര്‍ണാവസരത്തില്‍, 'കാന്താര'യുടെ രണ്ടാം ഭാഗത്തിന്‍റെ രചന ആരംഭിച്ചതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം വരച്ചുകാട്ടുന്ന മറ്റൊരു ആകർഷകമായ കഥ നിങ്ങൾക്ക് മുന്നില്‍ കൊണ്ടുവരാൻ ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.' -ഹോംബാലെ ഫിലിംസ് കുറിച്ചു.
'കാന്താര 2'ന്‍റെ പുതിയ അപ്‌ഡേറ്റ് വന്നതോടെ ആരാധകരും ആവേശത്തിലാണ്. 'വൗ... കാന്താര 2നായി ഇനിയും കാത്തിരിക്കാനാവില്ല.' -ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു. 'കാന്താര ടീമിന് ആശംസകള്‍' -മറ്റൊരാള്‍ കുറിച്ചു. 'നമ്മുടെ അഭിമാനം, കാന്താര' -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍. ഉർവശി റൗട്ടേലയും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
'കാന്താര' ബോക്‌സ് ഓഫിസില്‍ 100 ദിനങ്ങള്‍ പിന്നിട്ടതിന്‍റെ ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി 'കാന്താര' സിനിമയുടെ പ്രീക്വൽ പ്രഖ്യാപിച്ചത്. ഈ വേളയില്‍ ഋഷഭ് ഷെട്ടി തന്‍റെ സിനിമയുടെ വിജയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്‌തു.
'കാന്താരയെ അപാരമായി പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത പ്രേക്ഷകരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. അതിയായ സന്തോഷവുമുണ്ട്. സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താൽ ചിത്രം 100 ദിവസം വിജയകരമായി പൂർത്തിയാക്കി. ഈ അവസരത്തില്‍ 'കാന്താര'യുടെ പ്രീക്വലിനെ കുറിച്ച് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ 'കാന്താര'യുടെ രണ്ടാം ഭാഗമാണ്. ഭാഗം ഒന്ന് അടുത്ത വര്‍ഷം വരും. 'കാന്താര'യുടെ ചരിത്രത്തിന് കൂടുതൽ ആഴം ഉള്ളതിനാൽ 'കാന്താര'യുടെ ചിത്രീകരണ സമയത്ത് എന്‍റെ മനസ്സിൽ ഈ ആശയം മിന്നിമറഞ്ഞിരുന്നു.
സിനിമയുടെ തിരക്കഥയ്‌ക്കായി ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയാണ്. സിനിമയ്‌ക്കായുള്ള ഗവേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതുകൊണ്ട് വളരെ നേരത്തെ തന്നെ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ്.' -ഇപ്രകാരമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.
ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് 'കാന്താര'. ഒരു കംബള ചാമ്പ്യനായി വേഷമിടുന്ന ഋഷഭ് ഷെട്ടിയുടെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. പുതുതായി ചാര്‍ജെടുത്ത ഫോറസ്‌റ്റ് റേഞ്ച് ഓഫിസറുമായി ഋഷഭ് ഷെട്ടിയുടെ കഥാപാത്രം നിരന്തരം ഏറ്റുമുട്ടുന്നതും പിന്നീട് വഴിത്തിരിവുകള്‍ സംഭവിക്കുന്നതുമാണ് കഥ.
Also Read: പഞ്ചുരുളി ദൈവത്തിന്‍റെ കഥയുമായി കാന്താര 2; പ്രീക്വലിനെ കുറിച്ച് നിര്‍മാതാവ്