കീരവാണിക്കും ചന്ദ്രബോസിനും ഓസ്‌കറിനെക്കാള്‍ മികച്ച സമ്മാനം: ഓസ്‌കർ പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു'വിന്‍റെ സംഗീത സംവിധായകൻ എം.എം കീരവാണി, ഗാന രചയിതാവ് ചന്ദ്രബോസ് എന്നിവര്‍ക്ക് ഓസ്‌കറിനെക്കാള്‍ മികച്ച സമ്മാനം. കീരവാണിക്കും ചന്ദ്രബോസിനും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ലഭിച്ചിരിക്കുകയാണ്. 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ നേടിയ ശേഷം കീരവാണിയേയും ചന്ദ്രബോസിനെയും അഭിനന്ദിച്ച് അമേരിക്കന്‍ ഗായകനും ഗാന രചയിതാവും പിയാനിസ്‌റ്റുമായ റിച്ചാര്‍ഡ് കാര്‍പെന്‍ററും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്.
കീരവാണിക്ക് കാര്‍പെന്‍ററുടെയും കുടുംബത്തിന്‍റെയും സമ്മാനം: കാര്‍പെന്‍റേഴ്‌സിന്‍റെ പ്രശസ്‌ത ഗാനമായ 'ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി'ലെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വീഡിയോയാണ് റിച്ചാര്‍ഡ് തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ഗാനത്തിന്‍റെ പാരഡി വെര്‍ഷനായിരുന്നു കീരവാണി ഓസ്‌കര്‍ വേദിയില്‍ തന്‍റെ സന്തോഷം രേഖപ്പെടുത്തിയത്. ഇന്‍സ്‌റ്റഗ്രാമില്‍ കീരവാണിയെയും ചന്ദ്രബോസിനെയും പരാമര്‍ശിച്ച് കൊണ്ടാണ് റിച്ചാര്‍ഡ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
പ്രത്യേക വീഡിയോ പങ്കുവച്ച് റിച്ചാര്‍ഡ് കാര്‍പെന്‍റര്‍: 'മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തില്‍ നിന്നൊരു ചെറിയ സമ്മാനം ഇതാ..'-ഇപ്രകാരം കുറിച്ച് കൊണ്ടാണ് റിച്ചാര്‍ഡ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാർപെന്‍റേഴ്‌സ് കേട്ട് വളർന്ന എംഎം കീരവാണി: കാര്‍പെന്‍റേഴ്‌സിനെ കുറിച്ചുള്ള കീരവാണിയുടെ വാക്കുകള്‍ റിച്ചോര്‍ഡ് കാര്‍പെന്‍റേഴ്‌സിന്‍റെ ശ്രദ്ധയില്‍ പെട്ടയിരുന്നു. 'ഞാൻ ദി കാർപെന്‍റേഴ്‌സ് കേട്ടാണ് വളർന്നത്. ഇപ്പോള്‍ ഞാന്‍ ഓസ്‌കറില്‍ എത്തിയിരിക്കുകയാണ്. -ഇപ്രകാരം പറഞ്ഞ് കൊണ്ട് കീരവാണി ഓസ്‌കര്‍ വേദിയില്‍ പാടുകയായിരുന്നു. 'എന്‍റെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. രാജമൗലിയുടെയും എന്‍റെ കുടുംബത്തിന്‍റെയും 'ആര്‍ആര്‍ആര്‍' വിജയിക്കണം. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളണം. എന്നെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കണം.' -എംഎം കീരവാണി പറഞ്ഞു.
കണ്ണൂനീര്‍ നിയന്ത്രിക്കാനാവാതെ കീരവാണി: റിച്ചാർഡ് കാർപെന്‍ററുടെ സ്‌പെഷ്യല്‍ വീഡിയോ കണ്ട ശേഷം മറുപടി പറഞ്ഞ് കീരവാണി തന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് പങ്കുവച്ചു. 'ഇത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. സന്തോഷത്താല്‍ എന്‍റെ കണ്ണുകള്‍ നിറയുന്നു. പ്രപഞ്ചത്തിൽ നിന്നുള്ള ഏറ്റവും മികച്ച സമ്മാനം.' -കീരവാണി കുറിച്ചു.
ആര്‍ആര്‍ആര്‍ കുടുംബത്തിന് അവിസ്‌മരണീയ നിമിഷമെന്ന് രാജമൗലി: റിച്ചാര്‍ഡ് കാര്‍പെന്‍ററിന്‍റെ വീഡിയോ പങ്കുവച്ച് എസ്.എസ് രാജമൗലിയും രംഗത്തെത്തി. 'സര്‍, ഈ ഓസ്‌കർ ക്യാമ്പയിനിലുടനീളം എന്‍റെ സഹോദരൻ വളരെ ശാന്തനായിരുന്നു. ഓസ്‌കര്‍ ലഭിക്കുന്നതിന് മുമ്പോ ശേഷമോ തന്‍റെ വികാരങ്ങള്‍ അദ്ദേഹം പുറത്ത് കാണിച്ചിരുന്നില്ല. എന്നാല്‍ ഈ വീഡിയോ കണ്ട ശേഷം അദ്ദേഹത്തിന് തന്‍റെ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ ആയില്ല. ഞങ്ങളുടെ 'ആര്‍ആര്‍ആര്‍' കുടുംബത്തിന് ഇത് അവിസ്‌മരണീയമായ നിമിഷമാണ്. വളരെ നന്ദി.' - ഇപ്രകാരമാണ് രാജമൗലി കുറിച്ചത്.
ചരിത്രമായി ആര്‍ആര്‍ആറും നാട്ടു നാട്ടുവും: ഓസ്‌കറിന് മുമ്പായി ആര്‍ആര്‍ആറിനും നാട്ടു നാട്ടുവിനും നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ഓസ്‌കര്‍ നേടി ആര്‍ആര്‍ആര്‍ ചരിത്രം സൃഷ്‌ടിച്ചു. മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി 'ആര്‍ആര്‍ആര്‍' ചരിത്രമെഴുതി. ഗായകരായ കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് 'നാട്ടു നാട്ടു' ഗാനം ഓസ്‌കര്‍ വേദിയിൽ തത്സമയം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് നാട്ടു നാട്ടുവിനെ വേദിയില്‍ പരിചയപ്പെടുത്തിയത്.