എറണാകുളം : ടെലിവിഷൻ രംഗത്തുനിന്ന് മലയാളസിനിമയിലേക്ക് ചുവടുറപ്പിച്ച താരങ്ങളിലൊരാളാണ് വിഷ്‌ണു അഗസ്‌ത്യ (RDX Actor Vishnu Agasthya Interview). ആളൊരുക്കം എന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴാണ് വിഷ്‌ണുവിനെ മലയാളി പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. അതിനു ശേഷം ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടി.
ഒടുവിൽ സ്വപ്‌ന തുല്യമായി ആർഡിഎക്‌സിലെ പ്രധാന വില്ലനായി മലയാളികളുടെ മുന്നിൽ അദ്ദേഹം അവതരിച്ചു. റോബർട്ട്, ഡോണി, സേവിയർ എന്നീ ആർഡിഎക്‌സ് കഥാപാത്രങ്ങളെ തുടക്കം മുതൽ ക്ലൈമാക്‌സ് വരെ നക്ഷത്രക്കാൽ എണ്ണിച്ച അത്യുഗ്രൻ വില്ലൻ. ആ വില്ലന് പിന്നിൽ വളരെ പാവത്താനായ ഒരു മനുഷ്യനാണെന്ന് എത്രപേർക്കറിയാം.
സംവിധായകൻ നഹാസ് ഹിദായത്ത് വിഷ്‌ണുവിനെ തന്‍റെ മനസിൽ വില്ലനായി കണ്ട് സമീപിക്കുമ്പോൾ ശരീരഭാരം ഒക്കെ കൂടി മറ്റൊരു രൂപത്തിൽ ആയിരുന്നു വിഷ്‌ണു. പിന്നീട് സംവിധായകന്‍റെ നിർദേശപ്രകാരം മുടി വളർത്തി ശരീരഭാരം കുറച്ച്, കഥാപാത്രത്തിന് അനുയോജ്യമായി മാറുകയായിരുന്നു. മുഴുനീള ആക്ഷൻ ചിത്രമായ ആർഡിഎക്‌സിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാനായി പരിശീലനം നേടിയിരുന്നു.
ചിത്രത്തിലെ ഏറ്റവും മികച്ച ഓർമയായി നിൽക്കുന്നത് ആന്‍റണി വർഗീസ് പെപ്പെയുടെ തലയിൽ ചെടിച്ചട്ടി എടുത്ത് അടിച്ചു പൊട്ടിക്കുന്ന ഒരു രംഗമായിരുന്നു. അത് ചെയ്യാൻ തനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നുവെങ്കിലും പെപ്പെ പൂർണ സപ്പോർട്ടോടു കൂടി കൂടെ നിന്നു. മറ്റൊന്നും ചിന്തിക്കേണ്ട ഒരൊറ്റ അടി, കൺഫ്യൂഷൻ ആകാൻ പാടില്ല ഒന്ന് പരുങ്ങിയാൽ പിന്നെ ധാരാളം റിടേക്കുകൾ എടുക്കേണ്ടതായി വരും.
അതുകൊണ്ട് തലയിൽ ഒറ്റയടിക്ക് അടിച്ചു പൊട്ടിക്കാൻ നിർദേശം ലഭിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല. ചിത്രം കണ്ടവർക്ക് അറിയാം ആ രംഗം എത്രത്തോളം ഭയാനകവും വിശ്വസനീയവും ആയിരുന്നുവെന്ന്. ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങളായ ഷെയ്‌ൻ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), മഹിമ നമ്പ്യാർ (Mahima Nambiar), നീരജ് മാധവ് (Neeraj Madhav) എന്നിവർക്കൊപ്പം ഐമ റോസ്‌മി, ബാബു ആന്‍റെണി, ലാൽ, മാല പാർവതി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം വിദേശ ഭാഷ ചിത്രങ്ങളുമായി മത്സരിക്കാൻ ശേഷിയുള്ള അത്ര ആക്ഷൻ സീനുകളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ്, ബീസ്റ്റ്, വിക്രം എന്നീ സിനിമകൾക്ക് ആക്ഷൻ സംവിധാനം ചെയ്‌ത അൻപറിവാണ് ആർഡിഎക്‌സിലെ ആക്ഷൻ രംഗങ്ങള്‍ക്കും പിന്നില്‍.
മധുരാജ എന്ന ചിത്രത്തിനു ശേഷം മഹിമ നമ്പ്യാർ അഭിനയിക്കുന്ന മലയാള ചിത്രമാണ് ആർഡിഎക്‌സ്. ഷെയ്‌ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിച്ച ഗാനരംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിലെ നൃത്ത രംഗങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ കൊറിയോഗ്രഫി ചെയ്‌തിരിക്കുന്നത് സാൻസി മാസ്റ്ററാണ്.
റോബർട്ട്, ഡോണി, സേവിയർ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് ചിത്രത്തിനു പ്രേമയമാക്കിയിരിക്കുന്നത്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. സോഫിയ പോളാണ് ചിത്രത്തിന്‍റെ നിർമാതാവ്.