ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രാം ചരൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഗെയിം ചേഞ്ചര്‍'. ഷങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രാം ചരൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്. 'ഗെയിം ചേഞ്ചറി'ലെ ആദ്യ ഗാനമായ 'ജരഗണ്ടി...' ഇന്ന് പുറത്ത് വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഗാനത്തിന്‍റെ റിലീസ് വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.
ദസറ ദിനത്തിലാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം ദീപാവലിയ്‌ക്ക് ആദ്യ സിംഗിൾ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴിതാ ഗാനത്തിന്‍റെ റിലീസ് മാറ്റിവച്ചതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി, ഒരു പ്രസ്‌താവന പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. സാങ്കേതിക പ്രശ്‌നങ്ങളാണ് ഗാനം വൈകാൻ കാരണമെന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് 'ഗെയിം ചേഞ്ചറി'ന്‍റെ നിർമാണം. വിവിധ സിനിമകളിലെ ഓഡിയോ ഡോക്യുമെന്‍റേഷനുമായി ബന്ധപ്പെട്ട ഒഴിവാക്കാനാകാത്ത സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ഗാനത്തിന്‍റെ റിലീസ് തീയതി മാറ്റിവച്ചതെന്ന് പ്രൊഡക്ഷൻ ഹൗസ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.
'ഇതിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റുമായി ഞങ്ങൾ ഉടൻ തിരിച്ചെത്തും', നിർമാതാക്കൾ കുറിച്ചു. ആരാധകരുടെ കാത്തിരിപ്പ് മനസിലാക്കുന്നുവെന്നും കൂടുതൽ ഗുണനിലവാരത്തോടെ നിങ്ങളെ രസിപ്പിക്കാനാണ് ഗെയിം ചേഞ്ചർ ടീം പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാം ചരണും ശങ്കർ ഷൺമുഖവും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചത് കാർത്തിക് സുബ്ബരാജ് ആണ് എന്നതും സിനിമാസ്വാദകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. കിയാര അദ്വാനിയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ നായിക. കിയാരയുടെ ആദ്യ പാൻ - ഇന്ത്യൻ ചിത്രം കൂടിയാണിത്.
എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അഞ്ജലി, ജയറാം, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. 2024ൽ ഗെയിം ചേഞ്ചർ പ്രദർശനത്തിനെത്തും. എസ് തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. തിരു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്.
അതേസമയം ചിത്രത്തിന്‍റെ പ്ലോട്ടോ മറ്റ് വിശദാംശങ്ങളോ അണിയറക്കാർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഏതായാലും രാം ചരണും കിയാരയും ഷങ്കറും ഒന്നിക്കുമ്പോൾ ബിഗ് സ്‌ക്രീനിൽ തകർപ്പൻ ദൃശ്യവിരുന്ന് തന്നെയാകും ഒരുങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. 'വിനയ വിധേയ രാമ' എന്ന ചിത്രത്തിന് ശേഷം ഇത് രണ്ടാം വട്ടമാണ് കിയാരയും രാംചരണും വീണ്ടും ഒന്നിക്കുന്നത്.
പ്രതിഭാധനനായ സംവിധായകൻ ശങ്കറിനും സുഹൃത്തായ രാംചരണിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ ആവേശം അടുത്തിടെ കിയാര പങ്കുവച്ചിരുന്നു. വിലപ്പെട്ട ഒരു പഠനാനുഭവമായാണ് ഈ അവസരത്തെ കണക്കാക്കുന്നത് എന്നായിരുന്നു താരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.