ഒടുവിൽ രജനി ആരാധകരുടെ കാത്തിരിപ്പിന് വിരാമം. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ നായകനായെത്തുന്ന, 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നു (Rajinikanth's next movie with TJ Gnanavel gets title). 'വേട്ടയ്യൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് (Rajinikanth TJ Gnanavel movie Vettaiyan). ടീസർ പുറത്തുവിട്ടാണ് ഇപ്പോൾ ചിത്രത്തിന്‍റെ പേര് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. രജനികാന്തിന്‍റെ 73-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഈ സ്‌പെഷൽ പ്രഖ്യാപനം നിർമാതാക്കൾ നടത്തിയത്.
നേരത്തെ രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് പങ്കുവച്ച കുറിപ്പിൽ സിനിമയുടെ പേരും ടീസറും ഇന്ന് വൈകിട്ട് പുറത്തുവിടുമെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. ഇപ്പോഴിതാ അവർ തങ്ങളുടെ വാക്ക് പാലിച്ചിരിക്കുകയാണ്. പ്രിയ താരത്തിന്‍റെ പിറന്നാൾ ആഘോഷമാക്കുന്ന ആരാധകർക്ക് ഇരട്ടി മധുരമായാണ് ടീസറും പേരും എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന 'വേട്ടയ്യനി'ൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും രജനിക്കൊപ്പം വേഷമിടുന്നുണ്ട്. നീണ്ട 33 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകൾ ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ടി ജെ ജ്ഞാനവേലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരകങ്ങളും കൈകോർക്കുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്.
READ ALSO: ഒരേ ഒരു സൂപ്പർസ്റ്റാർ, സ്റ്റൈലും മാസും മത്സരിക്കുന്ന സിനിമ ജീവിതം; പുറന്തനാൾ വാഴ്‌ത്തുക്കൾ തലൈവരേ...
കൂടാതെ തമിഴിൽ ഇരുവരും കൈകോർക്കുന്ന ആദ്യ സിനിമ കൂടിയാണ് 'വേട്ടയ്യൻ'. നേരത്തെ 'അന്താ കാനൂൻ', 'ഗെരാഫ്‌താർ', 'ഹം' എന്നീ ബോളിവുഡ് ചിത്രങ്ങളിൽ തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നനും ബിഗ് ബിയും ഒന്നിച്ചഭിനയിച്ചിരുന്നു. 33 വർഷത്തിന് ശേഷം തന്‍റെ ഗുരുനാഥനായ അമിതാഭ് ബച്ചനുമായി വീണ്ടും പ്രവർത്തിക്കുകയാണെന്നും ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണെന്നും രജനികാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ ആണ് 'വേട്ടയ്യ'ന്‍റെ നിർമാണം. ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് ആർ കതിര്‍ ആണ് 'വേട്ടയ്യൻ' സിനിമയുടെ ഛായാഗ്രഹണം നിർഹിക്കുന്നത്. ഫിലോമിൻ രാജ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം അൻപറിവ് മാസ്റ്റേഴ്‌സാണ് നിർവഹിക്കുന്നത്. ചെന്നൈ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന 'വേട്ടയ്യൻ' അടുത്ത വർഷം തിയേറ്ററുകളിൽ എത്തും.