മലയാള സിനിമാസ്വാദകർക്ക് ഏറെ പരിചിതമായ മുഖമാണ് രാജേഷ് മാധവന്‍റേത്. 'കനകം കാമിനി കലഹം', 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'തിങ്കളാഴ്‌ച നിശ്ചയം' തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്ത് മലയാള സിനിമയിൽ പൊട്ടിച്ചിരി നിറയ്‌ക്കുന്ന താരമായി രാജേഷ് മാധവൻ മാറിക്കഴിഞ്ഞു. എന്നാലിപ്പോൾ, സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് രാജേഷ് മാധവൻ.
2022ൽ ആണ് താൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന കാര്യം രാജേഷ് മാധവൻ അറിയിച്ചത്. ഏറെ ആവേശത്തോടെയാണ് മലയാളികൾ ഈ വാർത്ത ഏറ്റെടുത്തത്. 2022 നവംബറിൽ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 'പെണ്ണും പൊറാട്ടും' എന്നാണ് നടന്‍റെ ആദ്യ സംവിധാന സംരംഭത്തിന്‍റെ പേര്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് രാജേഷ്. 'പെണ്ണും പൊറാട്ടും - വിശദീകരണ യോഗം', എന്ന അടിക്കുറിപ്പോടെ ആണ് രാജേഷ് മാധവൻ വീഡിയോ പങ്കുവച്ചത്. 'റാണി പത്മിനി, ഭീഷ്‌മപർവം' തുടങ്ങിയ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ രവി ശങ്കർ ഉൾപ്പെടെയുള്ളവരും വീഡിയോയിൽ ഉണ്ട്. ഇവരുമായി രാജേഷ് മാധവൻ സംസാരിക്കുന്നതും, രാജേഷ് പറയുന്ന കാര്യങ്ങൾ കേട്ട് ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
കോമഡി ഡ്രാമ എന്‍റർടെയിനറാകും തന്‍റെ ആദ്യ ചിത്രമായ 'പെണ്ണും പൊറാട്ടും' എന്ന് രാജേഷ് മാധവൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏതായാലും ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയും നൽകുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രാജേഷിനും സംഘത്തിനും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. എസ്‌ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമിക്കുക.
അതേസമയം, രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ നായകനാണ് രാജേഷ് മാധവൻ. രതീഷ് ബാലകൃഷ്‌ണന്‍ തന്നെ സംവിധാനം ചെയ്‌ത 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ട്രെൻഡ് സെറ്റർ ആയി മാറിയ രാജേഷ് മാധവന്‍റെ കാവുംതാഴെ സുരേഷും ചിത്ര നായരുടെ സുമലത ടീച്ചറുമാണ് ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. 'അസ്‍തമയം വരെ' എന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് 'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെ അഭിനേതാവായി കാമറയ്‌ക്ക് മുന്നിലേക്ക്. ദിലീഷ് പോത്തന്‍റെ തന്നെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിൽ സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന്‍റെ കാസ്റ്റിങ് ഡയറക്‌റും രാജേഷ് ആയിരുന്നു.
READ ALSO: അങ്ങനെയല്ല ദേ ഇങ്ങനെ...; സുമലത ടീച്ചർക്ക് സംവിധായകന്‍റെ ട്രെയിനിങ്, ചിരി പടർത്തി വീഡിയോ