ടികെ ദയാനന്ദിന്‍റെ കഥ അവലംബിച്ച് രാജ് ബി ഷെട്ടി (Raj B Shetty) രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി. മലയാളി കൂടിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കലാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ച ചിത്രം ഇപ്പോഴിതാ കേരളക്കരയിലേക്കും എത്തുകയായി (Raj B Shetty's Toby Kerala Release).
സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ മലയാളത്തിൽ ടോബി റിലീസാകും (Toby Hits Theaters on September 22). ദുൽഖർ സൽമാന്‍റെ വേഫാറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. രാജ് ബി ഷെട്ടിയാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡയിലെ കള്‍ട്ട് ക്ലാസിക് ചിത്രം 'ഗരുഡ ഗമന ഋഷഭ വാഹന'യ്‌ക്ക് (Garuda Gamana Vrishabha Vahana) ശേഷം തിരശ്ശീലയില്‍ അത്ഭുതം വിരിയിക്കാൻ രാജ് ബി ഷെട്ടി വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ചിത്രമായിരുന്നു 'ഗരുഡ ഗമന ഋഷഭ വാഹന'. ഈ ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന സിനിമയാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്‌ണ അർവാങ്കർ എന്നിവരാണ് ടോബിയുടെ നിർമാതാക്കൾ.
ലൈറ്റർ ബുദ്ധ ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിതത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രമേയത്തിലും അവതരണത്തിലും മേക്കിങ്ങിലും എല്ലാം ഇന്ന് പുതിയ പരീക്ഷണങ്ങൾ നടത്താറുള്ള കന്നഡയില്‍ നിന്നുമുള്ള മറ്റൊരു വിസ്‌മയമാകും 'ടോബി' എന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.
മിഥുൻ മുകുന്ദനാണ് ടോബിക്കായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പ്രവീണ്‍ ശ്രിയാനാണ് ഛായാഗ്രാഹകന്‍. 'ഒന്തു മുട്ടൈ കഥെയ്', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന നിലയിൽ ശ്രദ്ധേയനാണ് പ്രവീണ്‍ ശ്രിയാൻ. നിതിൻ ഷെട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
READ ALSO: Toby trailer| ഞെട്ടിക്കാൻ രാജ് ബി ഷെട്ടി വീണ്ടും; 'ടോബി'യുടെ തകർപ്പൻ ട്രെയിലർ പുറത്ത്
പ്രൊഡക്ഷൻ ഡിസൈൻ - അർഷാദ് നക്കോത്ത്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, മിക്‌സ് - അരവിന്ദ് മേനോൻ, ആക്ഷൻ - രാജശേഖരൻ, അർജുൻ രാജ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഷാമിൽ ബങ്ങേര, പി ആർ ഒ - പ്രതീഷ് ശേഖർ. മലയാളത്തിലെ ചിത്രത്തിന്‍റെ ഡബ്ബിങ് കോ ഓർഡിനേറ്റർ സതീഷ് മുതുകുളമാണ്.