നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമ ലോകം. വെള്ളിയാഴ്‌ച രാവിലെ ചെന്നൈയിലെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 69-ാം വയസായിരുന്നു.
പ്രതാപ് പോത്തന്‍റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ നിഗൂഢതയുണർത്തുന്നു.
വ്യാഴാഴ്‌ച രാവിലെ 9.38ന് ജോർജ് കാർലിന്‍റെ മരണത്തെ കുറിച്ചുള്ള വാക്കുകളാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ദീർഘനേരം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നത് മൂലമാണ് മരണം സംഭവിക്കുന്നത് (death is caused by swallowing small amounts of saliva over a long period of time) എന്നതായിരുന്നു പ്രതാപ് പോത്തന്‍റെ മരണത്തിന് മണിക്കൂറുകൾക്ക് മുൻപുള്ള വാക്കുകൾ.
ഒരു പ്രശ്‌നത്തിന്‍റെ മൂലകാരണം ചികിത്സിക്കാതെ രോഗലക്ഷണങ്ങൾ ചികിത്സിക്കുമ്പോൾ നിങ്ങൾ ഫാർമസിയെ ആശ്രയിക്കാൻ തുടങ്ങും എന്നതായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതം ബില്ലുകൾ അടയ്ക്കാൻ വേണ്ടിയാണെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇന്ത്യൻ സിനിമ ലോകത്തിന് ഒരു പ്രതിഭയെയാണ് പ്രതാപ് പോത്തന്‍റെ മരണത്തിലൂടെ നഷ്‌ടമായിരിക്കുന്നത്.