പ്രശാന്ത് വര്‍മ Prasanth Varma സംവിധാനം ചെയ്യുന്ന തെലുഗു ചിത്രം 'ഹനുമാന്‍' Hanuman അടുത്ത വര്‍ഷം സംക്രാന്തി ദിനത്തില്‍ റിലീസിനെത്തും. 2024 ജനുവരി 12നാണ് 'ഹനുമാന്‍' തിയേറ്ററുകളില്‍ എത്തുക. ഇതിഹാസ രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുന്നതാണ് ചിത്രത്തിലെ നായകന്‍റെ കഥാപാത്രം.
ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനുള്ള ശ്രമമാണ് ഈ സിനിമയിലൂടെ പ്രശാന്ത് വര്‍മ ലക്ഷ്യമിടുന്നത്. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
തന്‍റെ പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ പ്രതികരിക്കുന്നുണ്ട്. 'എന്‍റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക്ക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു... ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ള ഒരു പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് ഞങ്ങൾ സൃഷ്‌ടിക്കുകയാണ്.' - സംവിധായകന്‍ പറഞ്ഞു.
'ആതിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർ ഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.. ഈ സിനിമകള്‍ എല്ലാം നമ്മുടെ പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായിരിക്കും. എന്നാൽ അവ ആധുനിക കാലത്ത്, അതേ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും.' - പ്രശാന്ത് വര്‍മ പറഞ്ഞു.
'അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടാകും... ഹനുമാന്‍, ഒരു തെലുങ്ക് ചിത്രം മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ്. ഒരു പാൻ ഇന്ത്യ മാത്രമല്ല, ഒരു പാൻ വേൾഡ് സിനിമയാണ്.' - ഇപ്രകാരമാണ് ഹനുമാനെ കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ പ്രതികരിച്ചത്.
സംവിധായകൻ പ്രശാന്ത് വർമയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ഹിറ്റിലേയ്‌ക്കാണ് ചിത്രം ലക്ഷ്യമിടുന്നത്. തേജ സജ്ജയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജയെ കൂടാതെ വിനയ് റായ്, വരലക്ഷ്‌മി ശരത് കുമാർ, അമൃത അയ്യർ, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
പ്രൈം ഷോ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി ആണ് സിനിമയുടെ നിര്‍മാണം. ദശരഥി ശിവേന്ദ്ര ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. എസ് ബി രാജു തലാരി ആണ് എഡിറ്റിങ്. അനുദീപ് ദേവ്, ഹരി ഗൗര, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ - വെങ്കട്ട് കുമാർ ജെട്ടി, സ്‌റ്റില്‍സ് - വരാഹല മൂർത്തി, പബ്ലിസിറ്റി ഡിസൈൻസ് - അനന്ത് കാഞ്ചർള, കോസ്‌റ്റ്യൂംസ് - ലങ്ക സന്തോഷി, പിആര്‍ഒ - വംശി ശേഖർ ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്‌ടാഗ് മീഡിയ